റിയാദ്/വാഷിംഗ്ടണ്‍ – സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ക്കോ വിലപേശലകുകള്‍ക്കോ സൗദി അറേബ്യ ഒരുക്കമല്ല. യു.എന്‍ പ്രമേയമങ്ങള്‍ക്കനുസൃതമായി ഫലസ്തീന്‍ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെ ശാശ്വതവും നീതിയുക്തവുമായ സമാധാനം കൈവരിക്കാന്‍ കഴിയില്ല. ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യത്തിലുള്ള സൗദി അറേബ്യയുടെ ഉറച്ച നിലപാട് മുന്‍കാല അമേരിക്കന്‍ ഭരണകൂടങ്ങള്‍ക്കും നിലവിലെ ഭരണകൂടത്തിനും മുന്നില്‍ സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ഫലസ്തീനികള്‍ക്ക് ഗാസയില്‍ നിന്ന് പുറത്തുപോവുകയല്ലാതെ മറ്റു പോംവഴിയില്ലെന്നും ഗാസയെ മധ്യപൗരസ്ത്യദേശത്തെ റിവിയേരയാക്കി മാറ്റുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം ഗാസയെ സാമ്പത്തികമായി വികസിപ്പിക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പതിറ്റാണ്ടുകളായി പിന്തുടരുന്ന നയത്തെ ട്രംപിന്റെ പുതിയ നീക്കം ദുര്‍ബലപ്പെടുത്തും. അപ്രതീക്ഷിത പദ്ധതി പ്രഖ്യാപിച്ച ട്രംപ് ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ല. ഗാസയിലെ ഫലസ്തീനികളെ അയല്‍ രാജ്യങ്ങളില്‍ ശാശ്വതമായി പുനരധിവസിപ്പിക്കാനുള്ള ഞെട്ടിപ്പിക്കുന്ന നിര്‍ദേശം മുന്നോട്ടു വെച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. ഗാസയെ തകര്‍ന്ന സ്ഥലം എന്ന് അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചു.
ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. പൊട്ടാത്ത ബോംബുകളും മറ്റു ആയുധങ്ങളും അവിടെ വെച്ചു തന്നെ നിര്‍വീര്യമാക്കും. ആ ഭൂമി ഞങ്ങള്‍ ഏറ്റെടുക്കും. ഞങ്ങള്‍ അത് വികസിപ്പിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുഴുവന്‍ മിഡില്‍ ഈസ്റ്റിനും അഭിമാനിക്കാന്‍ കഴിയുന്ന ഒരു സ്ഥലമായി ഗാസയെ വികസിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അവിടെ ആരായിരിക്കും താമസിക്കുക എന്ന ചോദ്യത്തിന്, അത് ലോകത്തിലെ ജനങ്ങളുടെ വാസസ്ഥലമായി മാറുമെന്ന് ട്രംപ് പറഞ്ഞു. ഗാസ മധ്യേഷ്യയിലെ റിവിയേര ആയി മാറുമെന്ന് ട്രംപ് പ്രവചിച്ചു.
പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, പരമ്പരാഗത ചിന്താഗതിയെ തകര്‍ക്കാനുള്ള സന്നദ്ധത ട്രംപ് കാണിക്കുന്നതായി നെതന്യാഹു പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കക്ക് ഗാസ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനും എങ്ങിനെ കഴിയും, എന്ത് അധികാരത്തിന്റെ കീഴിലാണ് അമേരിക്കക്ക് അങ്ങിനെ ചെയ്യാന്‍ കഴിയുക എന്ന ചോദ്യത്തിന് ട്രംപ് നേരിട്ട് ഉത്തരം നല്‍കിയില്ല. ഒരു ദീര്‍ഘകാല ഉടമസ്ഥാവകാശമാണ് താന്‍ കാണുന്നതെന്നും അത് മിഡില്‍ ഈസ്റ്റിന്റെ ഈ ഭാഗത്ത് വലിയ സ്ഥിരത കൊണ്ടുവരുമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഈ ആശയത്തെ പിന്തുണക്കുന്ന മേഖലാ നേതാക്കളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ ഈ ആശയത്തെ പിന്തുണച്ചു. ഞാന്‍ ഇത് മാസങ്ങളായി വളരെ സൂക്ഷ്മമായി പഠിച്ചു. താന്‍ ഗാസ സന്ദര്‍ശിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പക്ഷേ ഗാസ സന്ദര്‍ശന തീയതി യു.എസ് പ്രസിഡന്റ് വ്യക്തമാക്കിയില്ല.
ഗാസ നിവാസികളെ ഏറ്റെടുക്കാന്‍ ജോര്‍ദാനോടും ഈജിപ്തിനോടും ചൊവ്വാഴ്ച ട്രംപ് വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായിലും ഹമാസും തമ്മില്‍ 16 മാസം നീണ്ട വിനാശകരമായ യുദ്ധത്തിന് ശേഷം തീരദേശ മേഖല പുനര്‍നിര്‍മിക്കുന്നതു വരെ ഫലസ്തീനികള്‍ തീരദേശ മേഖല വിട്ടുപോകുകയല്ലാതെ മറ്റു മാര്‍ഗമില്ല. ഫലസ്തീനികളെ മറ്റു രാജ്യങ്ങളില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കണമെന്ന തന്റെ മുന്‍നിര്‍ദേശങ്ങള്‍ മറികടന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളില്‍ ശാശ്വതമായി പുനരധിവസിപ്പിക്കുന്നതിനെ താന്‍ പിന്തുണക്കുമെന്ന് ഇത്തവണ ട്രംപ് പറഞ്ഞു. ഫലസ്തീനികളെ മറ്റു രാജ്യങ്ങളില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കണമെന്ന ട്രംപിന്റെ മുന്‍നിര്‍ദേശം അറബ് നേതാക്കള്‍ ഇതിനകം ശക്തമായി നിരാകരിച്ചിട്ടുണ്ട്.
ഗാസ നിവാസികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകും. മേഖലാ രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കയുടെ പശ്ചാത്യ സഖ്യകക്ഷികളും ഇതിനെ ശക്തമായി എതിര്‍ക്കും. ഗാസയിലെ താമസക്കാര്‍ രാജ്യം വിടണമെന്ന ട്രംപിന്റെ ആഹ്വാനത്തെ ഹമാസ് നേതാവ് സാമി അബൂസുഹ്രി അപലപിച്ചു. ഇത് ഫലസ്തീനികളെ സ്വന്തം നാട്ടില്‍ നിന്നുള്ള പുറത്താക്കല്‍ ആണെന്ന് ഹമാസ് നേതാവ് പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ഫലസ്തീനികള്‍ക്കെതിരായ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കുകയാണ് വേണ്ടത്. മധ്യപൗരസ്ത്യ മേഖലയില്‍ കുഴപ്പങ്ങളും പിരിമുറുക്കവും സൃഷ്ടിക്കാനുള്ള തന്ത്രമായി ട്രംപിന്റെ നിര്‍ദേശത്തെ ഫലസ്തീനികള്‍ കണക്കാക്കുന്നതായും സാമി അബൂസുഹ്‌രി കൂട്ടിച്ചേര്‍ത്തു.
പുനരധിവാസ പ്രക്രിയ എങ്ങിനെ നടപ്പാക്കുമെന്നതിനെ കുറിച്ച് ട്രംപ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം ഇസ്രായിലിലെ തീവ്ര വലതുപക്ഷത്തിന്റെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്നതും ഫലസ്തീനികെള കൂട്ടത്തോടെ കുടിയിറക്കരുതെന്ന അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ പ്രതിബദ്ധതക്ക് വിരുദ്ധവുമാണ്.
ജനുവരി 20 ന് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ട്രംപ് ഒരു വിദേശ നേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഗാസ യുദ്ധം ഇസ്രായില്‍ കൈകാര്യം ചെയ്ത രീതിയെ ചൊല്ലി ഇസ്രായില്‍ പ്രധാനമന്ത്രിയും ജോ ബൈഡനും തമ്മിലുള്ള ബന്ധം വഷളായതിനുശേഷം യു.എസ് പ്രസിഡന്റും നെതന്യാഹുവും തമ്മിലുള്ള അടുത്ത ബന്ധം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തുന്ന വിദേശ നേതാവായി നെതന്യാഹുവിനെ ട്രംപ് തെരഞ്ഞെടുത്തത്.