ജിദ്ദ – സൗദിയില്‍ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ ജനസംഖ്യയില്‍ 12 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണം 8.4 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയുടെ അവസാനത്തില്‍ വിദേശികള്‍ 1.57 കോടിയായി ഉയര്‍ന്നു. ഒരു കൊല്ലത്തിനിടെ സൗദി ജനസംഖ്യയിലുണ്ടായ വര്‍ധനയില്‍ 76 ശതമാനവും വിദേശികളായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയുടെ അവസാനത്തിലെ കണക്കുകള്‍ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 3.53 കോടിയായി ഉയര്‍ന്നു. 2023 ആദ്യ പകുതിയില്‍ രാജ്യത്തെ ജനസംഖ്യ 3.37 കോടിയായിരുന്നു. ഒരു കൊല്ലത്തിനിടെ ജനസംഖ്യയില്‍ 16 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ രാജ്യത്ത് ജനസംഖ്യാ വളര്‍ച്ച 4.7 ശതമാനമായിരുന്നു.
ഒരു കൊല്ലത്തിനിടെ സൗദി പൗരന്മാരുടെ എണ്ണം രണ്ടു ശതമാനം തോതില്‍ വര്‍ധിച്ചു. സൗദികളുടെ എണ്ണത്തില്‍ 3,89,000 പേരുടെ വര്‍ധനവാണുണ്ടായത്. സ്വദേശി ജനസംഖ്യ 1.96 കോടിയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യയില്‍ 56 ശതമാനം സൗദികളും 44 ശതമാനം വിദേശികളുമാണ്.
രാജ്യത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളും നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റിയതും രാജ്യത്തേക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്കിന് ആക്കംകൂട്ടി. ഇത് വിദേശികളുടെ ജനസംഖ്യ ഉയരാന്‍ ഇടയാക്കി. സൗദി ജനസംഖ്യയില്‍ 77 ശതമാനവും നാല്‍പത് വയസില്‍ കുറവ് പ്രായമുള്ളവരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 71 ലക്ഷം പേര്‍ 15 മുതല്‍ 34 വരെ വയസ് പ്രായമുള്ളവരാണ്. ജനസംഖ്യയില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.