റിയാദ് – സൗദിയില്‍ 2030 ആകുമ്പോഴേക്കും മാധ്യമ മേഖല ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. പ്രതിഭകളെ വളര്‍ത്തുകയും നവീകരണം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്രമായി സൗദി അറേബ്യ മാറുമെന്ന് നാലാമത് സൗദി മീഡിയ ഫോറം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
നമ്മള്‍ മനുഷ്യനെ കെട്ടിപ്പടുക്കുന്നു, ലോകത്തെ പ്രചോദിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു… എന്നതാണ് സൗദി അറേബ്യയുടെ സന്ദേശം. ഭാവിയിലേക്ക് നോക്കുക എന്നതല്ല, മറിച്ച് ഭാവി സൃഷ്ടിക്കുക എന്നതാണ് മുദ്രാവാക്യം. മാനവരാശിയുടെ ഭാവി രൂപപ്പെടുത്താന്‍ സഹായകമെന്നോണം 2024 ല്‍ ലോകമെമ്പാടുമുള്ള 24 രാഷ്ട്ര നേതാക്കളുടെ സന്ദര്‍ശനത്തിന് സൗദി അറേബ്യ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കൊല്ലം 15,000 ലേറെ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. 4.2 കോടിയിലേറെ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഡിമാന്റ് നിരക്കുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ധനസഹായം, പ്രതിഭാ പിന്തുണ, സാങ്കേതികവിദ്യകളുടെ സ്വീകാര്യത, സംഘാടന പരിവര്‍ത്തനം എന്നീ ആറു പരിവര്‍ത്തന സ്തംഭങ്ങളിലാണ് മാധ്യമ വളര്‍ച്ച നിലകൊള്ളുന്നത്. ഇവ പരമ്പരാഗത ഘടകങ്ങളല്ല. മറിച്ച്, പ്രാദേശികമായും അന്തര്‍ദേശീയമായും സ്വാധീനം സൃഷ്ടിക്കാനുള്ള ഉപകരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ലാഭേച്ഛയില്ലാത്ത മാധ്യമങ്ങള്‍, സാമൂഹിക ഉത്തരവാദിത്തം, സന്നദ്ധസേവനം എന്നിവക്കായി തന്ത്രം വികസിപ്പിക്കുക, ആഗോളതലത്തില്‍ സൗദി പ്രസ് ഏജന്‍സിയുടെ സ്ഥാനം ശക്തമാക്കാനായി വാര്‍ത്തകളുടെ ഭാവിയെ കുറിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുക, സൗദി പ്രസ് ഏജന്‍സിയുടെ ചരിത്ര ശേഖരത്തിന്റെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കുക, അഡ്വര്‍ട്ടൈസിംഗ് മേഖലയെ നിയന്ത്രിക്കാനായി ഡിജിറ്റല്‍ പരസ്യ മേഖലകള്‍ക്കായി ഗവേണന്‍സ് നടപ്പാക്കുക, നിര്‍മിതബുദ്ധിക്കും നൂതന മാധ്യമ സാങ്കേതികവിദ്യകള്‍ക്കും ലബോറട്ടറി സ്ഥാപിക്കുക എന്നിവ അടങ്ങിയ വ്യക്തമായ മുന്‍ഗണനകള്‍ നിര്‍ണയിച്ച് 2025 ല്‍ വൻ പദ്ധതികൾ വരും.
സ്മാര്‍ട്ട് മീഡിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയുമായി ലയിക്കുന്ന വലിയ ആശയങ്ങള്‍ക്കായുള്ള ഒരു തുറന്ന ആഗോള പരീക്ഷണശാലയായി സൗദി അറേബ്യ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിശകലന സവിശേഷതകളോടെ രൂപപ്പെടുത്തിയ പ്രവചനാത്മക പത്രപ്രവര്‍ത്തനം മുതല്‍ സംവേദനാത്മക മാധ്യമങ്ങളും ആഴത്തിലുള്ള മാധ്യമങ്ങളും വരെ ഒരു പുതിയ ഭാവി രൂപപ്പെടുത്തും.
ലോകമെമ്പാടുമുള്ള ഏറ്റവും വലിയ മാധ്യമ, സാങ്കേതിക കമ്പനികളില്‍ നിന്നുള്ള 250 ലേറെ സംഘടനകളും കമ്പനികളും പങ്കെടുക്കുന്ന ഫ്യൂച്ചര്‍ ഓഫ് മീഡിയ എക്‌സിബിഷനില്‍ (ഫ്യൂമെക്‌സ)് ഇതിന്റെ അധ്യായങ്ങള്‍ രചിക്കപ്പെടും. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ മാധ്യമ, സാങ്കേതിക കമ്പനികളില്‍ നിന്നുള്ള 250 ലേറെ സംഘടനകളും സ്ഥാപനങ്ങളും എക്‌സിബിഷനില്‍ പങ്കെടുക്കും. നിര്‍മിതബുദ്ധി ഇല്ലാതെ കടന്നുപോകുന്ന ഓരോ ദിവസവും വര്‍ഷങ്ങളുടെ കാലതാമസത്തിന് തുല്യമാണ്. സൗദി അറേബ്യക്ക് എപ്പോഴും പുരോഗതി മാത്രമേ അറിയൂ. സ്വാധീന വ്യവസായത്തെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, പ്രധാന പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി നാം സൗദി അറേബ്യയെ കാണുന്നതായും മന്ത്രി പറഞ്ഞു. ഏറ്റവും പ്രമുഖരായ മാധ്യമ പ്രൊഫഷണലുകള്‍, അക്കാദമിക് വിദഗ്ധര്‍, മാധ്യമ വിദഗ്ധര്‍ എന്നിവര്‍ അടക്കം 200 പ്രഭാഷകര്‍ സൗദി മീഡിയ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.