കുവൈത്ത് സിറ്റി – സിവില്‍ ഏവിയേഷന്‍ മേഖലയില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യയും കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് നടത്തിയ ഔദ്യോഗിക കുവൈത്ത് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. കുവൈത്തിലെ സൗദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സഅദ് രാജകുമാരന്റെ സാന്നിധ്യത്തില്‍ കുവൈത്ത് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് ഹമൂദ് അല്‍സ്വബാഹും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജുമാണ് കരാറില്‍ ഒപ്പുവെച്ചത്.
സിവില്‍ വ്യോമയാന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ സാങ്കേതിക, ഭരണ, നിയന്ത്രണ, പ്രവര്‍ത്തന, സാങ്കേതിക സഹകരണവും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കലും ധാരണാപത്രത്തില്‍ അടങ്ങിയിരിക്കുന്നു. ഒപ്പുവെക്കല്‍ ചടങ്ങിനിടെ പൊതു താല്‍പര്യമുള്ള വിഷയങ്ങളും സിവില്‍ വ്യോമയാന മേഖലയില്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യാനായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടന്നു.
അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കുന്നതിന്റെയും സിവില്‍ ഏവിയേഷന്‍ വ്യവസായത്തിലെ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിന്റെയും ഭാഗമായാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. വ്യോമയാന മേഖലയില്‍ ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 നെ പിന്തുണക്കാനും സന്ദര്‍ശനം സഹായകമാകും.