ന്യൂയോർക്ക് – മിഡില്‍ ഈസ്റ്റില്‍ സമ്പൂര്‍ണ യുദ്ധത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഇസ്രായിലിന്റെ ഗുരുതരമായ നിയമ ലംഘനങ്ങള്‍ ചെറുക്കാന്‍ ജി-20 രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ന്യൂയോര്‍ക്കില്‍ ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് വിദേശ മന്ത്രി പറഞ്ഞു. ജി-20 നുള്ളില്‍ സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. പ്രതിസന്ധികളോട് പ്രതികരിക്കുന്നതിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നത് അന്താരാഷ്ട്ര പ്രവര്‍ത്തനത്തില്‍ വിടവും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ നിയമസാധുതയെ ദുര്‍ബലപ്പെടുത്തുന്ന ആത്മവിശ്വാസത്തിന്റെ പ്രതിസന്ധിയും ഉണ്ടാക്കുന്നു.
ഫലസ്തീനിലെ മാനുഷിക ദുരന്തത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത് ഇതാണ്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയകരമായ മാതൃകകള്‍ പാലിക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വികസിപ്പിക്കാനും പരിഷ്‌കരിക്കാനും പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇന്നത്തെ തല്‍സ്ഥിതികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. വിശ്വാസ്യതയും ഫലപ്രദമായ പ്രതികരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കണം. കൂടുതല്‍ ന്യായവും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ സമകാലിക പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ ഇത് പ്രധാനമാണ്.
ഇസ്രായില്‍ നിയമ ലംഘനങ്ങളെ ചെറുക്കുന്നതിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അശക്തി മറികടക്കാന്‍ സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കണം. ഗാസയിലും ലെബനോനിലും വെടിനിര്‍ത്തല്‍ നടപ്പാക്കണം. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ വിശ്വസനീയവും മാറ്റാനാകാത്തതുമായ പാത സ്വീകരിക്കണം. യു.എന്‍ സംവിധാനത്തില്‍, വിശിഷ്യാ രക്ഷാ സമിതിയില്‍ സമൂലമായ പരിഷ്‌കരണം നടത്തേണ്ടത് അടിയന്തിര ആവശ്യമാണ്.
യുദ്ധങ്ങളുടെയും രാഷ്ട്രീയ സംഘട്ടനങ്ങളുടെയും പ്രത്യാഘാതങ്ങള്‍ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നു. ഇത് ബഹുമുഖ പ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളിലും കരിനിഴല്‍ വീഴ്ത്തുന്നു. യുദ്ധം നീണ്ടുപോകുന്നതും അതിന്റെ വ്യാപ്തി വര്‍ധിക്കുന്നതും ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ആഴത്തിലാക്കുന്നതും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. ഇത് മേഖലയില്‍ സമഗ്രമായ സുരക്ഷയും സമാധാനവും കൈവരിക്കാനുള്ള സാധ്യതകളെ തകര്‍ക്കുന്നു.
അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, അറബ് രാജ്യങ്ങള്‍ക്ക് അധിക സീറ്റുകള്‍ അനുവദിക്കല്‍ തുടങ്ങിയ ന്യായമായ പ്രാതിനിധ്യം കണക്കിലെടുത്ത് രക്ഷാ സമിതിയില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സാമ്പത്തിക മാറ്റങ്ങള്‍, ലോക വ്യാപാര സംഘടന അടക്കം അന്താരാഷ്ട്ര സാമ്പത്തിക ഘടനയും അന്തര്‍ദേശീയ ബഹുമുഖ വ്യാപാര വ്യവസ്ഥയും പരിഷ്‌കരിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരല്‍ അനിവാര്യമാക്കുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതകളുടെയും ഫലമായി കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ ദുരിതമനുഭവിക്കുന്നു. ദരിദ്ര രാജ്യങ്ങളിലെ വികസനത്തിന് ധനസഹായം നല്‍കുന്നതിന് വെല്ലുവിളികള്‍ നേരിടുന്നു. വാര്‍ഷിക ധനസഹായ വിടവ് 2.5 ട്രില്യണ്‍ ഡോളറിനും 4 ട്രില്യണ്‍ ഡോളറിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നതായും വിദേശ മന്ത്രി പറഞ്ഞു. ജി.സി.സി, അമേരിക്കന്‍ വിദേശ മന്ത്രിമാരുടെ സംയുക്ത യോഗത്തിലും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സംബന്ധിച്ചു.