ജിദ്ദ – ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തിന് അറുതിയുണ്ടാക്കുന്നതിനെയും ഉഭയകക്ഷി ബന്ധങ്ങളും സഹകരണങ്ങളും ശക്തമാക്കുന്നതിനെയും കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ലോക നേതാക്കളുമായി ന്യൂയോര്‍ക്കില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.
79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചാണ് സൗദി വിദേശ മന്ത്രി വിവിധ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായും നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയത്. ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി, ഉസ്‌ബെക്കിസ്ഥാന്‍ വിദേശ മന്ത്രി ബഖ്തിയാര്‍ സൈദോവ്, ഛാഢ് വിദേശ മന്ത്രി അബ്ദുറഹ്മാന്‍ ഗുലാമല്ല, റൊമാനിയന്‍ വിദേശ മന്ത്രി ലുമിനിറ്റ ഒഡബെസ്‌കു, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പ്രധാനമന്ത്രി ടെറന്‍സ് ഡ്രൂ എന്നിവരുമായി സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോല്‍ജാരിക്കുമായും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി. മാനുഷിക, ദുരിതാശ്വാസ തലങ്ങളില്‍ സൗദി അറേബ്യയും റെഡ് ക്രോസും തമ്മിലുള്ള സംയുക്ത സഹകരണം, പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍, ഇവ മാനുഷിക സാഹചര്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഗാസയിലെ സംഭവവികാസങ്ങള്‍, ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെല്ലാം ഇരുവരും വിശകലനം ചെയ്തു. യു.എന്നിലെ സൗദി സ്ഥിരം അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ്, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.