ജിദ്ദ -ചെങ്കടല്‍ ഫാഷന്‍ വീക്കില്‍ ആദ്യമായി സ്വിംസ്യൂട്ട് (നീന്തല്‍ വസ്ത്രം) ഫാഷന്‍ ഷോ നടത്തി ചരിത്രം കുറിച്ച് സൗദി അറേബ്യ. സ്വിംസ്യൂട്ട് മോഡലുകള്‍ അവതരിപ്പിച്ച ആദ്യ ഫാഷന്‍ ഷോ വെള്ളിയാഴ്ചയാണ് നടന്നത്. മൊറോക്കന്‍ ഡിസൈനര്‍ യാസ്മിന ഖന്‍സലിന്റെ ഡിസൈനുകള്‍ അവതരിപ്പിച്ച പൂള്‍സൈഡ് ഷോയില്‍ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വണ്‍ പീസ് സ്യൂട്ടുകള്‍ ആയിരുന്നു. മിക്ക മോഡലുകളും ചുമലുകള്‍ തുറന്നിട്ടിരുന്നു. അറബ് ലോകത്തെ പ്രതിനിധീകരിക്കുന്ന മനോഹരമായ നീന്തല്‍ വസ്ത്രങ്ങള്‍ കാണിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു’ – ഖന്‍സല്‍ പറഞ്ഞു.
ഞങ്ങള്‍ ഇവിടെ വന്നപ്പോള്‍, സൗദി അറേബ്യയില്‍ ഒരു സ്വിംസ്യൂട്ട് ഫാഷന്‍ ഷോ ഒരു ചരിത്ര നിമിഷമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. കാരണം, ഇത്തരമൊരു പരിപാടി രാജ്യത്ത് ആദ്യമായിട്ടാണ് നടക്കുന്നത്. അതില്‍ പങ്കെടുക്കുന്നത് ഒരു ബഹുമതി ആയാണ് കണ്ടത് – ഖന്‍സല്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ടില്‍ റെഡ് സീ ഫാഷന്‍ വീക്കിന്റെ രണ്ടാം ദിവസമാണ് സ്വിംസ്യൂട്ട് ഫാഷന്‍ ഷോ നടന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലുള്ള സൗദി വിഷന്‍ 2030 സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ പ്രോഗ്രാമിന്റെ ഹൃദയഭാഗത്തുള്ള ബൃഹദ് പദ്ധതികളിലൊന്നായ റെഡ് സീ ഗ്ലോബലിന്റെ ഭാഗമാണ് സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group