ജിദ്ദ – ജോര്‍ദാന്‍, ലെബനോന്‍, സിറിയ എന്നീ അറബ് രാജ്യങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച ഇസ്രായിലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യമന്ത്രാലയം. ഇസ്രായിലിലെ ഔദ്യോഗിക അക്കൗണ്ടുകള്‍ ഭൂപടം പുറത്തുവിട്ടതിനെയും ഇതുമായി ബന്ധപ്പെട്ട് ഇസ്രായില്‍ ഉന്നയിച്ച തെറ്റായ അവകാശവാദങ്ങളെയും സൗദി അറേബ്യ അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതായും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ഇത്തരം തീവ്രവാദ അവകാശവാദങ്ങള്‍ അറബ് പ്രദേശങ്ങളിലെ അധിനിവേശം ശാശ്വതമാക്കാനും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിനു മേല്‍ നഗ്നമായ ആക്രമണങ്ങള്‍ തുടരാനും അന്താരാഷ്ട്ര മാനദണ്ഡങ്ങളും മര്യാദകളും ലംഘിക്കാനുമുള്ള ഇസ്രായില്‍ അധികൃതരുടെ ഉദ്ദേശ്യമാണ് തെളിയിക്കുന്നത്.
മേഖലയിലെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകുന്നതും, നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. മേഖലയിലെ രാജ്യങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കും എതിരായ ഇസ്രായിലിന്റെ നിയമ ലംഘനങ്ങള്‍ തടയണമെന്നും രാജ്യങ്ങളുടെ അതിര്‍ത്തികളും പരമാധികാരവും മാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആഹ്വാനം ചെയ്തു.