ജിദ്ദ – കിഴക്കന്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗ് നഗരത്തില്‍ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ജര്‍മന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും സൗദി വിദേശ മന്ത്രാലയം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അക്രമണത്തെ സൗദി അറേബ്യ നിരാകരിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങളോടും ജര്‍മന്‍ ഗവണ്‍മെന്റിനോടും ജനങ്ങളോടും സഹതാപവും ആത്മാര്‍ഥമായ അനുശോചനവും പ്രകടിപ്പിക്കുന്നുവെന്നും സൗദി വ്യക്തമാക്കി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മാഗ്‌ഡെബര്‍ഗില്‍ നഗരസഭാ ആസ്ഥാനത്തിനു സമീപത്തെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലാണ് അപകടമുണ്ടായത്. ജനക്കൂട്ടത്തിനിടയിലൂടെ അക്രമി 400 മീറ്റര്‍ ദൂരം കാറോടിച്ചു. മാര്‍ക്കറ്റില്‍ നല്ല തിരക്കുള്ള സമയത്ത് വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്കായിരുന്നു ആക്രമണം. ആക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ജര്‍മന്‍ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സൗദി അറേബ്യ അന്വേഷിച്ചുവരുന്ന വിമതന്‍ താലിബ് അബ്ദുല്‍ മുഹ്‌സിന്‍ ആണ് ആക്രമണം നടത്തിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2006 ല്‍ സൗദിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ 18 വര്‍ഷമായി ജര്‍മനിയിലാണ് താമസിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ കബളിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. താലിബ് അബ്ദുല്‍ മുഹ്‌സിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി ഇത് നിരാകരിക്കുകയായിരുന്നു.
താലിബ് അബ്ദുല്‍ മുഹ്‌സിന്‍ നിരീശ്വരവാദിയാണെന്നും സ്വാതന്ത്ര്യത്തിന്റെ നാട് എന്ന് വിശേഷിപ്പിച്ച് ജര്‍മനിയിലേക്ക് സൗദിയില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ ജര്‍മനിയിലേക്ക് കടത്തിയിരുന്നത്. ജര്‍മനിയിലെത്തുന്ന പെണ്‍കുട്ടികളെ സ്വീകരിച്ച ശേഷം അവരെ സാമ്പത്തികമായി ചൂഷണവും ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കുള്ള പിന്തുണയും ഇയാള്‍ പ്രഖ്യാപിച്ചിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് താലിബ് അബ്ദുല്‍ മുഹ്‌സിനെ ജര്‍മനി സൗദി അറേബ്യക്ക് കൈമാറാതിരുന്നതിനെ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചു. ജര്‍മനിയിലുണ്ടായത് ഭ്രാന്താണെന്നും അക്രമിയെ സൗദി അറേബ്യക്ക് കൈമാറാന്‍ വിസമ്മതിച്ചവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായും ഇലോണ്‍ മസ്‌ക് എക്‌സിൽ കുറിച്ചു.
ആക്രമണത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തന്റെ ഞെട്ടല്‍ പ്രകടിപ്പിച്ചു. ഏകദേശം 2,37,000 ജനസംഖ്യയുള്ള നഗരമായ മാഗ്‌ഡെബര്‍ഗ് ബെര്‍ലിനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. മാഗ്‌ഡെബര്‍ഗ് സംഭവം 2016 ഡിസംബറില്‍ ബെര്‍ലിനില്‍ നടന്ന സമാനമായ മറ്റൊരു ആക്രമണമാണ് ഓര്‍മിപ്പിക്കുന്നത്. ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.