റിയാദ്– സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണമെന്ന് റിയാദിലെ പാസഞ്ചര്‍ ഫോറം ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ തുടര്‍ച്ചയായ ശ്രമഫലമായി, 2017 ഒക്ടോബര്‍ മുതല്‍ സൗദി എയര്‍ലൈന്‍സ് റിയാദ്/ജിദ്ദയില്‍ നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കപ്പെട്ടു. ഇപ്പോള്‍ സൗദി എയര്‍ലൈന്‍സ് കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കു മാത്രമാണ് സര്‍വീസ് നടത്തുന്നത്.
തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനം തിട്ട എന്നീ ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗര്‍, ശിവഗംഗ എന്നീ ആറു തെക്കന്‍ ജില്ലകളില്‍ നിന്നുമുള്ള വലിയൊരു പ്രവാസി തൊഴിലാളി സമൂഹത്തിന്റെയും അവരുടെ കുടുംബങ്ങളുടെയും അവധിക്കാല യാത്രകള്‍ക്കും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് കോവിഡ് വ്യാപനത്തിനു തോട്ടു മുന്‍പ് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നടത്തിയിരുന്നെങ്കിലും ഈ ആവശ്യം സംബന്ധിച്ച തുടര്‍നടപടികള്‍ മുന്നോട്ട് പോയില്ല.
റിയാദ്, ദമ്മാം, ജിദ്ദ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ താമസിച്ചു വരുന്ന പ്രവാസികള്‍ക്ക് സൗദിയിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാന്‍ നിലവില്‍ മറ്റ് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സുകളുടെ പരോക്ഷ സര്‍വീസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മറ്റൊരു രാജ്യത്ത് ട്രാന്‍സിറ്റ് ചെയ്ത് , ദീര്‍ഘ സമയം കാത്തിരുന്ന് വിമാനം മാറി കയറേണ്ട സാഹചര്യം,യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് ചെറിയ കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.
5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് സെക്ടറില്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ‘സൗദിയ’ യുടെ സര്‍വീസുകള്‍ ഇപ്പോള്‍ പുനരാംഭിക്കപ്പെട്ടത് സന്തോഷകരമാണ്. എന്നാല്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഐ.ടി. ഹബ്ബും, വ്യവസായ പാര്‍ക്കും, ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ എത്തിച്ചേരുന്ന വിഴിഞ്ഞം തുറമുഖവും ഉള്‍ക്കൊള്ളുന്ന തെക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യാപാര വിനോദ സഞ്ചാര മേഖലയും അന്താരാഷ്ട്രവും ആഭ്യന്തരവുമായ വിമാന കമ്പനികള്‍ക്ക് മികച്ച സാധ്യതയുള്ള പ്രധാന പട്ടണവും കേരളത്തിന്റെ തലസ്ഥാനവുമായ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, സൗദിയില്‍ നിന്നുമുള്ള തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വിപുലമായ പാസഞ്ചര്‍ ഫോറം രുപീകരിക്കുവാനും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്കും, സൗദി ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷനും വീണ്ടും നിവേദനം നടത്തുവാനും റിയാദ് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ് തീരുമാനിച്ചു. സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍കുഞ്ഞ് നിവേദനത്തിന്റെ കരട് അവതരിപ്പിച്ചു. പ്രവാസി ഭാരതിയ പുരസ്‌കാര അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാട്, ജീവന്‍ ടീവി റിയാദ് ബ്യുറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി, ജോസഫ് അതിരുങ്കല്‍, സാമൂഹിക പ്രവര്‍ത്തകരായ അലക്‌സ് കൊട്ടാരക്കര, ഇത്യാസ് അഹമ്മദ്, റാഫി പാങ്ങോട്, നിസ്സാര്‍ പള്ളിക്കശ്ശേരില്‍, ഇസ്മായി നൗഷാദ്, അബ്ദുറഹ്മാന്‍, അനസ് ഓച്ചിറ എന്നിവര്‍ പങ്കെടുത്തു.
ഒന്നോ അതില്‍ക്കൂടുതലോ വിമാന മാറ്റവും ദീര്‍ഘമായ ട്രാന്‍സിറ്റ് സമയവും ഓക്‌സിജന്‍ സഹായത്തോടെ മാത്രം യാത്ര ചെയ്യേണ്ടിവരുന്ന രോഗികള്‍, സ്‌ട്രെച്ചര്‍ രോഗികള്‍, വയോധികര്‍, രക്ഷിതാക്കളില്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍, മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുവാനും മറ്റുമായി അടിയന്തരയാത്ര അനിവാര്യമായി വരുന്നവര്‍, കുട്ടിക ളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങള്‍, വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യോഗത്തില്‍ പങ്കെടു ത്ത് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍വകലാ ശാലകള്‍, വലിയ കമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് സാധാരണയായി സൗദി എയര്‍ലൈന്‍സ് വിമാന ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുന്നത്. കൊച്ചി അല്ലെങ്കില്‍ കോഴിക്കോട് വഴി മാത്രമേ അവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നുള്ളു.
സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും തമ്മിലുള്ള അടുത്തിടെ നടപ്പിലാക്കിയ കോഡ്‌ഷെയര്‍ കരാര്‍, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലെ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും, ഇരു ദേശീയ വിമാനക്കമ്പനികളുടെയും സഹകരണവും ഉപഭോക്തൃ സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കുമെന്നും യോഗം വിലയിരുത്തി. ഈ ഘട്ടത്തില്‍, റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരികെയും സൗദി എയര്‍ലൈന്‍ വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഇതിനകം മുന്നൂറിലധികം പേര്‍ അണിചേര്‍ന്ന സൗദിയ പാസഞ്ചര്‍ ഫോറം ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പ റാംമോഹന്‍ നായിഡുവിനുള്ള നിവേധനം ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് വരുന്ന പാര്‍ലിമെന്റ് സമ്മേളന സമയത്ത് നേരിട്ട് സമര്‍പ്പിക്കും.



