ഹൈദരാബാദ്- വിശുദ്ധ ഹജ് കർമ്മത്തിനായി മക്കിയിലേക്ക് തിരിക്കുന്ന വിവരം പങ്കുവെച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ സാനിയ അഭ്യർത്ഥിച്ചു. നിങ്ങളുടെ പ്രാര്‍ഥനയില്‍ തന്നേയും ഓര്‍ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
സാനിയയുടെ കുറിപ്പ്
‘എന്റെ പ്രിയപ്പെട്ടവരോടും കൂട്ടുകാരോടും, ഹജ് എന്ന പരിശുദ്ധ കര്‍മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. എന്റെ തെറ്റുകള്‍ പൊറുത്തുതരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തില്‍ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞിരിക്കുന്നു. എന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക. എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’
വർഷങ്ങൾക്ക് മുമ്പ് ഉംറ നിർവഹിക്കാനും സാനിയ മിർസ എത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സാനിയ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.