- ഒമ്പതു ലക്ഷം സ്വകാര്യ സ്ഥാപനങ്ങളും 85 ലക്ഷം തൊഴിലാളികളും വേതന സുരക്ഷാ പദ്ധതി പരിധിയില്‍
ജിദ്ദ – ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. നാലും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്കാണ് ഇന്ന് മുതല്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് നിലവില്‍വന്നിരുന്നു. പുതിയ വിസകളില്‍ എത്തുന്ന തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതി അഞ്ചു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്.
മൂന്നും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ജൂലൈ ഒന്നു മുതലും രണ്ടും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് 2025 ഒക്‌ടോബര്‍ ഒന്നു മുതലും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. 2026 ജനുവരി ഒന്നു മുതല്‍ സൗദിയിലുള്ള മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികളും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യല്‍ നിര്‍ബന്ധമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ശമ്പളം നല്‍കല്‍ പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താനും ശമ്പള വിതരണം എളുപ്പമാക്കാനുമാണ് വേതന വിതരണം ഡിജിറ്റല്‍ വാലറ്റുകളിലൂടെ പരിമിതപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
അനുയോജ്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും സുതാര്യത വര്‍ധിപ്പിക്കാനും സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്താനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയതിനു പിന്നാലെയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും സമാന പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. നിലവില്‍ ഒമ്പതു ലക്ഷത്തിലേറെ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതി പരിധിയില്‍ വന്നിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് വന്‍കിട കമ്പനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. ആദ്യ ഘട്ടത്തില്‍ 300 ല്‍ കവിയാത്ത സ്ഥാപനങ്ങളെ മാത്രമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. നിലവില്‍ 88 ശതമാനം സ്വകാര്യ മേഖലാ സ്ഥാപനങ്ങളും പദ്ധതി പരിധിയില്‍ വന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ 85 ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നു. ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്തത് സ്ഥിരീകരിച്ച് ഈ സ്ഥാപനങ്ങള്‍ ഓരോ മാസവും സമര്‍പ്പിക്കുന്ന മൂന്നു ലക്ഷം ഫയലുകള്‍ മന്ത്രാലയം നിരീക്ഷിക്കുന്നു. ഈ സ്ഥാപനങ്ങള്‍ 3,500 കോടി റിയാല്‍ വേതനയിനത്തില്‍ ഓരോ മാസവും ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ സൂചികയില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും ബിനാമി ബിസിനസുകള്‍ക്ക് തടയിടാനും പണമിടപാടുകള്‍ ആശ്രയിക്കുന്നത് കുറക്കാനും, വിദേശികള്‍ക്ക് സുരക്ഷിതവും ആകര്‍ഷകവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വേതന സുരക്ഷാ പദ്ധതി സഹായിച്ചു. തൊഴില്‍ കേസുകള്‍ ഗണ്യമായി കുറക്കാനും വേതന സുരക്ഷാ പദ്ധതി സഹായിച്ചു.