ജിദ്ദ – ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജിദ്ദ നഗരസഭ അസീസിയ ഡിസ്ട്രിക്ടില്‍ നിന്ന് കേടായ മത്സ്യശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെയാണ് ആരോഗ്യ, സുരക്ഷാ വ്യവസ്ഥകളൊന്നും പാലിക്കാതെ വലിയ ബോക്‌സുകളില്‍ വാഹനത്തില്‍ സൂക്ഷിച്ച മത്സ്യശേഖരം ചുറ്റിനടന്ന് വില്‍ക്കുന്നതായി കണ്ടെത്തിയത്. കേടായ 290 കിലോ മത്സ്യമാണ് വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അസീസിയ ബലദിയ മേധാവി ഹിബ അല്‍ബലവി പറഞ്ഞു.
ആരോഗ്യ, വാണിജ്യ നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത കംപ്ലയിന്റ്‌സ് നമ്പറായ 940 ല്‍ ബന്ധപ്പെട്ടോ മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം പുറത്തിറക്കിയ ബലദീ ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.
ജിദ്ദ നഗരസഭക്കു കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ വഴിവാണിഭക്കാര്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച 57 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിഞ്ഞ മാസം നഗരസഭാധികൃതര്‍ പിടിച്ചെടുത്തിരുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ വാഴിവാണിഭക്കാര്‍ സ്ഥാപിച്ച 337 സ്റ്റാളുകളും ഉന്തുവണ്ടികളും പരിശോധനകള്‍ക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചു. തുവലിലെ കോര്‍ണിഷില്‍ നിയമവിരുദ്ധമായി വാടകക്ക് നല്‍കിയിരുന്ന 13 സ്‌കൂട്ടറുകളും കഴിഞ്ഞ മാസം നഗരസഭാധികൃതര്‍ പിടിച്ചെടുത്തു. തെരുവു കച്ചവടക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഉപയോഗയോഗ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പിന്നീട് സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി.