പാരീസ് – സ്പെയിൻ മിഡ്ഫീൽഡറും മാഞ്ചസ്റ്റർ സിറ്റി താരവുമായ റോഡ്രിക്ക് ബാലൻഡിയോർ പുരസ്കാരം. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവും യൂറോ 2024 കിരീടവും നേടിയതിന്റെ പിൻബലത്തിലാണ് റോഡ്രി ലോക ഫുട്ബോളിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തിഗത പുരസ്കാര ജേതാവാകുന്നത്. അതേസമയം, റയൽ മാഡ്രിഡ് ചടങ്ങ് ബഹിഷ്കരിച്ചു. റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയറും അവസാനം വരെ പുരസ്കാര പട്ടികയിലുണ്ടായിരുന്നു. വിനീഷ്യസിന് പുരസ്കാരമില്ലെന്ന് അറിഞ്ഞതോടെ റയൽ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. പാരീസിലെ ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ്, ചാറ്റ്‌ലെറ്റ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റയൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണിൽ സിറ്റിയെ പ്രീമിയർ ലീഗ് കിരീടം ചൂടിക്കുന്നതിൽ 28 കാരനായ റോഡ്രി പ്രധാന പങ്ക് വഹിച്ചു. യൂറോ കപ്പ് നേടാൻ സ്പാനിഷ് ടീമിനുള്ള കരുത്തും റോഡ്രിയായിരുന്നു. യൂറോ 2024-ലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് റോഡ്രിയായിരുന്നു.
അവാർഡിന് ശേഷമുള്ള തൻ്റെ പത്രസമ്മേളനത്തിൽ റയൽ പങ്കെടുക്കാത്തതിനെ പറ്റിയുള്ള ചോദ്യത്തിന് റോഡ്രിയുടെ മറുപടി ഇങ്ങിനെയായിരുന്നു. അവർക്ക് അവരുടെ തീരുമാനമുണ്ട്. അവരുടെതായ കാരണങ്ങളാൽ അവർ ഇവിടെ വരാൻ ആഗ്രഹിച്ചില്ല, ഞാൻ എൻ്റെ ക്ലബ്ബിലും എൻ്റെ ടീമംഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ വർഷം ആരാണ് ജേതാവാകുക എന്നത് സംബന്ധിച്ച വിവരം തികച്ചും രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന് സംഘാടകർ ആവർത്തിക്കുമ്പോഴും ആഘോഷങ്ങൾക്ക് മുന്നോടിയായി വാർത്ത ചോർന്നതായി സംശയമുണ്ട്. വിനീഷ്യസിന് പുരസ്കാരമില്ലെന്ന് വ്യക്തമായതോടെ റയൽ ചടങ്ങ് ബഹിഷ്കരിച്ചു.
സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ, വിനീഷ്യസിന് പുരസ്കാരമില്ലെങ്കിൽ അദ്ദേഹത്തിൻ്റെ സഹതാരം ഡാനി കാർവാഹലിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെംബ്ലിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ റയൽ 2-0ന് വിജയിച്ചപ്പോൾ കാർവഹാലും സ്കോർ ചെയ്തു. കഴിഞ്ഞ സീസണിൽ ക്ലബിനെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ച വിനിഷ്യസ്, മാഡ്രിഡിനായി 39 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 11 അസിസ്റ്റുകളും നേടി.
100 സ്പെഷ്യലിസ്റ്റ് ജേണലിസ്റ്റുകൾ അടങ്ങിയ അന്താരാഷ്ട്ര ജൂറി ഷോർട്ട്‌ലിസ്റ്റിൽ നിന്നാണ് ബാലൺ ഡി ഓർ ജേതാവിനെ തിരഞ്ഞെടുക്കുന്നത്. L’Equipe സ്പോർട്സ് ദിനപത്രത്തിൻ്റെയും ഫ്രാൻസ് ഫുട്ബോൾ മാസികയുടെയും ഉടമസ്ഥതയിലുള്ള അമൗറി ഗ്രൂപ്പാണ് സംഘാടകർ. വിജയിയുടെ പേര് ചോർന്നുവെന്ന ആരോപണം സംഘാടകർ നിഷേധിച്ചു.
ബാഴ്‌സലോണയുടെയും സ്‌പെയിനിൻ്റെയും താരമായ ഐറ്റാന ബോൺമതി തൻ്റെ തുടർച്ചയായ രണ്ടാം വനിതാ ബാലൺ ഡി ഓർ നേടി. തൻ്റെ ക്ലബ്ബിനെ ചരിത്രപരമായ ഭൂഖണ്ഡാന്തര കിരീടത്തിലേക്ക് നയിക്കുകയും തൻ്റെ രാജ്യത്തിനൊപ്പം നേഷൻസ് ലീഗ് കിരീടം ചൂടിയതുമാണ് പുരസ്കാരം സമ്മാനിക്കാൻ കാരണം. “ഇത് ഒറ്റയ്ക്ക് നേടാനാകില്ല, എല്ലാ ദിവസവും എന്നെ മികച്ചതാക്കുന്ന സഹകളിക്കാരാൽ ചുറ്റപ്പെട്ടതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്ന് ബോൺമതി പറഞ്ഞു.