കോഴിക്കോട്– അധികൃതരുടെ തികഞ്ഞ അനാസ്ഥയില്‍ ഇന്നലെ കോഴിക്കോട് ജില്ലയില്‍ ജീവനെടുത്തത് രണ്ടു പേരുടെ. കോഴിക്കോട് കോര്‍പ്പറേഷനിലെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രം മാര്‍ക്കറ്റിനു മുമ്പിലെ ഓടയില്‍ വീണാണ് തടമ്പാട്ടുതാഴം, കല്ലൂട്ടിവയല്‍ സ്വദേശി ശംസീര്‍ (42) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചേ ഇരുപതിനായിരുന്നു സംഭവം. പാചകത്തൊഴില്‍ ചെയ്തുവരികയായിരുന്നു. വടകര, മുക്കാളി ദേശീയപാതയിലെ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികനായ ചോമ്പാല ആവിക്കര ക്ഷേത്രത്തിനടുത്തുള്ള താഴെ തോട്ടത്തില്‍ മതാസ് ഭവനില്‍ ടിടി നാണു (61) മരിച്ചു. മുക്കാളി കെഎസ്ഇബി ഓഫീസിനു സമീപം ഇന്നലെ കാലത്ത് പതിനൊന്നേ മുപ്പതിന് കനത്ത മഴയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ സ്കൂട്ടര്‍ മറിയുകയായിരുന്നു.
ഇന്നലെ വൈകീട്ട് വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രം മാര്‍ക്കറ്റിനു സമീപമുള്ള ബസ്റ്റോപ്പിനരികെ നില്‍ക്കുകയായിരുന്നു സമീര്‍. കനത്ത മഴ പെയ്തതോടെ കാലുതെറ്റി രണ്ടു മീറ്ററോളം ആഴമുള്ള സ്ലാബില്ലാത്ത ഓടയില്‍ വീഴുകയായിരുന്നു. സമീപത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും ശംസീര്‍ ഓടയിലൂടെ ഒഴുകിപ്പോയി. 20 മീറ്റര്‍ അകലെയുള്ള പാലത്തിനടിയിലേക്ക് മുങ്ങിപ്പോയതായും പിന്നീട് 200 മീറ്റര്‍ അകലെ മാര്‍ക്കറ്റിനകത്തെ ഓടയില്‍ ഒരു മീറ്ററോളം ആഴമുള്ള ആള്‍നൂഴിയില്‍ വലയിട്ട് കണ്ടെത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ അറിയിച്ചു. പരിസരത്തുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ദ്രുതകര്‍മ്മസേനയാണ് ശംസീറിനെ പുറത്തെടുത്തത്. തൊട്ടടുത്ത ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അബ്ബാസിന്റേയും നബീസയുടേയും മകനാണ് ശംസീര്‍. മന്‍സൂര്‍ ആണ് സഹോദരന്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാരപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കും.
ശക്തമായ മഴയെത്തുടര്‍ന്ന് മുക്കാളി സര്‍വ്വീസ് റോഡിലെ കുഴിയില്‍ സ്കൂട്ടര്‍ വീണതിനെത്തുടര്‍ന്ന് പരുക്കേറ്റ നാണുവിനെ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് മുന്ഡയരക്ടറും സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ ഇടപെടല്‍ നടത്തിയ വ്യക്തിത്വവുമായിരുന്നു. ഭാര്യ: ബീന. അഗിന, മുക്കാളി ടൗണില്‍ വ്യാപാരിയായ അനുരാഗ് മക്കളാണ്. മിറാഷ്, സുപര്‍ണ എന്നിവരാണ് മരുമക്കള്‍. രാജന്,വിജയന്,ഉത്തമന്, സരോജിനി, ബാബു, അശോകന്, പരേതനായ രവീന്ദ്രന് എന്നിവര്‍ സഹോദരങ്ങളാണ്. ഗവണ്മെന്റ് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സംസ്കരിക്കും. രണ്ടാഴ്ച മുമ്പ് മുക്കാളിക്കടുത്ത് കുഞ്ഞിപ്പള്ളിയില്‍ ടൗണിലെ കുഴിയില്‍ വീണു ഓട്ടോറി്ക്ഷാ ഡ്രൈവര്‍ മരിച്ചിരുന്നു.