ഗാസ – ഹമാസും ഇസ്രായിലും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വെസ്റ്റ് ബാങ്കിലെ ഒഫര്‍ സൈനിക ജയിലില്‍ നിന്ന് ഇസ്രായില്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരുടെയും കുടുംബാംഗങ്ങളുടെയും പുനഃസമാഗമത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. സന്തോഷാശ്രുക്കളോടെ തടവുകാരും കുടുംബാംഗങ്ങളും പരസ്പരം വാരിപ്പുണര്‍ന്ന് സുദീര്‍ഘമായ വേര്‍പാടിന്റെ വേദനകള്‍ പങ്കുവെക്കുകയും പറഞ്ഞുതീര്‍ക്കുകയും ചെയ്തു. ഒഫര്‍ ജയിലില്‍ നിന്നുള്ള ആദ്യ ബാച്ച് ഫലസ്തീന്‍ തടവുകാരെ ബസുകളിലായിരുന്നു കൊണ്ടുപോയത്.
കൈമാറ്റ കരാറിന്റെ ഭാഗമായി 90 ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രായില്‍ ജയില്‍ സര്‍വീസ് അറിയിച്ചു.
അല്‍മസ്‌കോബിയേ ജയിലില്‍ നിന്ന് മോചിതരായ ശേഷം, ജറൂസലമിലെ തടവുകാരായ സൈന ബര്‍ബറും റോസ് ഖുവൈസും ജറൂസലമിലെ അവരുടെ കുടുംബങ്ങളുടെ വീടുകളിലെത്തിയെന്നും, ഒഫര്‍ ജയിലില്‍ നിന്ന് വിട്ടയച്ച സംഘത്തോടൊപ്പമായിരുന്നില്ല ഇരുവരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയുടെ സമ്പൂർണ്ണ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെടിനിര്‍ത്തല്‍: ആദ്യ ദിനം ഗാസയില്‍
630 ട്രക്കുകള്‍ പ്രവേശിച്ചതായി യു.എന്‍
ഗാസ – വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന ഞായറാഴ്ച റിലീഫ് വസ്തുക്കള്‍ വഹിച്ച 630 ലേറെ ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി മാനുഷിക കാര്യങ്ങള്‍ക്കുള്ള യു.എന്‍ അണ്ടര്‍ സെക്രട്ടറി ടോം ഫ്‌ൡര്‍ അറിയിച്ചു. ഇക്കൂട്ടത്തില്‍ ചുരുങ്ങിയത് 300 ട്രക്കുകള്‍ ഉത്തര ഗാസയിലാണ് എത്തിയത്. നമുക്ക് പാഴാക്കാന്‍ സമയമില്ല. പതിനഞ്ചു മാസത്തെ തുടര്‍ച്ചയായ യുദ്ധത്തിനു ശേഷം ഗാസയില്‍ മാനുഷിക ആവശ്യങ്ങള്‍ വളരെ വലുതാണ് – എക്‌സിലെ പോസ്റ്റില്‍ ടോം ഫ്‌ൡര്‍ പറഞ്ഞു.
റിലീഫ് വസ്തുക്കള്‍ വഹിച്ച 180 ട്രക്കുകളും ഇന്ധനം വഹിച്ച എട്ടു ട്രക്കുകളും അല്‍ഔജ, കറം അബൂസാലിം ക്രോസിംഗുകള്‍ വഴി ഇന്ന് ഈജിപ്തില്‍ നിന്ന് ഗാസയില്‍ പ്രവേശിച്ചതായി കയ്‌റോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ നിന്ന് പരിക്കേറ്റ ഫലസ്തീനികളെ സ്വീകരിക്കാന്‍ ശക്തമായ ലോജിസ്റ്റിക്കല്‍, മെഡിക്കല്‍ തയാറെടുപ്പുകള്‍ ഈജിപ്ത് പൂര്‍ത്തിയാക്കിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 20 ലക്ഷം വരുന്ന ഗാസ ജനസംഖ്യയില്‍ 90 ശതമാനം പേരും കടുത്ത പട്ടിണി നേരിടുന്നതായി യു.എന്‍ പറയുന്നു.