ജിദ്ദ – ജിദ്ദയിൽ പുതുതായി ആരംഭിച്ച ബോട്ട് സർവീസിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ചു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിയാണ് ഈദുൽ ഫിത്തർ സീസണിൽ സീ ടാക്സി നിരക്കുകളിൽ അമ്പത് ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചത്. മാർച്ച് 23 മുതൽ ഏപ്രിൽ മൂന്നു വരെ 25 റിയാലാണ് നിരക്കിളവുള്ളത്. ജിദ്ദ യാച്ച് ക്ലബ്ബിനെയും ഹിസ്റ്റോറിക് ജിദ്ദ ജില്ലയെയും ബന്ധിപ്പിക്കുന്നതാണ് സീ ടാക്സി സർവീസ് നടത്തുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
യാച്ച് ക്ലബ്, ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്, ഒബുർ എന്നിവയെ ബന്ധിപ്പിച്ചാണ് മാർച്ച് 6 ന് ജിദ്ദയുടെ സീ ടാക്സി സർവീസ് പരീക്ഷണ ഘട്ടം ആരംഭിച്ചത്. നിലവിൽ യാച്ച് ക്ലബ്ബിനും ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിനും ഇടയിലാണ് ബോട്ട് സർവീസ് നടത്തുന്നത്. നഗരത്തിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതി. 29,000 യാത്രക്കാർക്ക് പ്രതിദിനം യാത്ര ചെയ്യാൻ കഴിയും. ഒബൂറിന്റെ കടൽത്തീരവും ജിദ്ദയുടെ മധ്യ, വടക്കൻ ജില്ലകളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനും റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ജലഗതാഗതം ലക്ഷ്യമിടുന്നുണ്ട്.