തിരുവനന്തപുരം- കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ജോസ് കെ മാണി(കേരള കോൺഗ്രസ്) പി.പി സുനീർ(സി.പി.ഐ) ഹാരിസ് ബീരാൻ(മുസ്ലിം ലീഗ്)എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. പത്രിക സമർപ്പിക്കേണ്ട അവസാന ദിവമായ 13ന് നാലു പേർ പത്രിക സമർപ്പിച്ചെങ്കിലും തമിഴ്നാട് സ്വദേശി പത്മരാജന്റെ പത്രിക തള്ളിയിരുന്നു. ഈ മാസം 25-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ദൽഹി കെ.എം.സി.സി പ്രസിഡന്റുമാണ് ഹാരിസ് ബീരാൻ. എറണാകുളം സ്വദേശിയാണ്. 2011 മുതൽ ദൽഹി കെ.എം.സി.സി പ്രസിഡന്റാണ്.
കേരള കോൺഗ്രസ് എം ചെയർമാനായ ജോസ് കെ മാണി കേരള യൂത്ത് ഫ്രണ്ടിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം മാണിയുടെ മകനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ് പി.പി സുനീർ. നിലവിൽ ഹൗസിംഗ് ബോർഡ് ചെയർമാനാണ്. പൊന്നാനി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽനിന്നും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്.