റിയാദ്- സൗദി അറേബ്യയെയും കുവൈത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവെ ലൈൻ പദ്ധതിയുടെ നിർവ്വഹണം 2026-ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയുടെ സാധ്യതാ പഠനത്തിനും ഇരുരാജ്യങ്ങൾക്കുമിടയിലെ സുപ്രീം കമ്മിറ്റി അംഗീകാരം നൽകിയെന്ന് കുവൈത്ത് പത്രം റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകുന്ന പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന് സുപ്രീം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയെന്ന് കുവൈത്ത് സർക്കാർ വൃത്തങ്ങൾ കുവൈത്തിലെ അൽ-ഖബാസ് പത്രത്തോട് വിശദീകരിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പദ്ധതി ഉടൻ പ്രാരംഭ രൂപകല്പനയ്ക്ക് വിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്നും പത്രം സൂചിപ്പിച്ചു. നാലു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് രാജ്യാന്തര കമ്പനികളുടെ സേവനം കൂടി ലഭ്യമാകും.
റെയിൽവേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിനം 3,300 യാത്രക്കാർ സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 6 ട്രിപ്പുകൾ (റൗണ്ട് ട്രിപ്പ്) അടിസ്ഥാനത്തിൽ ,ട്രെയിൻ ഏകദേശം 500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് റിയാദിൽനിന്ന് കുവൈത്തിലെത്താം. ടിക്കറ്റ് നിരക്കുകൾ എല്ലാവർക്കും താങ്ങാനാവുന്നതായിരിക്കുമെന്നും, വേഗതയിൽ വിമാനവുമായും “ഫെയർ നിരക്കിൽ” കാറുമായുമായും മത്സരിക്കുമെന്നും അധികൃതർ അവകാശപ്പെട്ടു. കുവൈറ്റിലെ അൽ-ഷദാദിയയിൽനിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കും തിരിച്ചുമാണ് സർവീസ്.
റിയാദും കുവൈത്തും തമ്മിലുള്ള റെയിൽവേ ലിങ്ക് പ്രോജക്റ്റിന്റെ നിർവഹണ ഘട്ടങ്ങൾ, പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ എന്നിവ ചർച്ച ചെയ്യാൻ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ ജാസർ അടുത്തിടെ കുവൈത്ത് സന്ദർശിച്ചിരുന്നു.