ന്യൂദൽഹി-തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് രണ്ടാമത്തെ ദിവസം തന്നെ ബി.ജെ.പിക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ ഓഹരി വിപണിയിലെ എക്കാലത്തെയും വൻ കുംഭകോണമാണ് മോഡിയും അമിത് ഷായും നടത്തിയതെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ജൂലൈ 4 ന് നടന്നതെന്നും ആരോപിച്ചു. നരേന്ദ്രമോഡി സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട ഫലമായിരുന്നു ജൂണ്‍ നാലിന് പുറത്തുവന്നത്. അന്നേ ദിവസം നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. വന്‍ അഴിമതിയാണ് ഓഹരി വിപണിയില്‍ ബി.ജെ.പി നടത്തിയതെന്നും രാഹുൽ വ്യക്തമാക്കി.
ഓഹരി വിപണി ഇടിവിനെക്കുറിച്ച് നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും ധനകാര്യമന്ത്രി നിർമല സീതാരാമനും അറിവുണ്ടായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഫലം പുറത്തുവരുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ നരേന്ദ്രമോഡി, അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ ഓഹരി വിപണിയെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു.
ഓഹരിവിപണി കുതിച്ചുയരുമെന്ന് പ്രധാനമന്ത്രി രണ്ടോ മൂന്നോ തവണ രാജ്യത്തോട് പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുത്തനെ ഉയരുമെന്ന് അമിത്ഷായും പറഞ്ഞു. ഇതേകാര്യം നിര്‍മ്മല സീതാരാമനും ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പിക്ക് അറിയാമായിരുന്നു. എന്നാൽ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയായിരുന്നു മോഡിയും അമിത്ഷായും ചെയ്തത്.
സര്‍ക്കാരിന് 200-220 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ആഭ്യന്തര ഏജന്‍സികള്‍ പറഞ്ഞത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരും എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം. ഇത് അദാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്‌സിറ്റ് പോളിന് തലേദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഓഹരി വിപണിയില്‍ വലിയ നിക്ഷേപം നടത്താന്‍ അഞ്ച് കോടി കുടുംബങ്ങളോട് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആവശ്യപ്പെടുകയാണ്. നിക്ഷേപ നിര്‍ദേശങ്ങള്‍ കൊടുക്കലാണോ മന്ത്രിമാരുടെ ജോലിയെന്ന് രാഹുല്‍ പരിഹസിച്ചു.