തിരുവനന്തപുരം– കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ മുസ്‌ലിം ലീഗിന് ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതാണ് ഉചിതമെന്ന് രാഹുൽ ഈശ്വർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരമൊരു പദവിക്ക് മുസ്‌ലിം ലീഗിന് അർഹതയും അവകാശവുമുണ്ടെന്നും, കേരളത്തിന് ഒരു മുസ്‌ലിം ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം കുറിച്ചു. നാടിന്റെ മതസൗഹാർദ്ദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗ് വഹിക്കുന്ന വലിയ പങ്ക് കണക്കിലെടുത്താണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് തങ്ങളുടെ വോട്ടുകൾ മതസൗഹാർദ്ദപരമായി ഒരുമിപ്പിക്കുന്നത് പോലെ ഹിന്ദു വോട്ടുകൾ ഒരുമിപ്പിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഈഴവ സമുദായത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതുണ്ട്. മുസ്‌ലിം ലീഗ് അനർഹമായത് ചോദിക്കുന്നു എന്ന് പറഞ്ഞ് ‘ഹിന്ദു നായർ വോട്ട്’ നഷ്ടപ്പെടുമെന്ന ഭീതി പരത്തി അവരെ തളച്ചിടുന്നത് ശരിയല്ല. പകരം ഗാന്ധിജിയുടെ പാത പിന്തുടർന്ന് നായർ സമുദായത്തിൽ നിന്നുള്ള മുഖ്യമന്ത്രിയോടൊപ്പം മുസ്‌ലിം ഉപമുഖ്യമന്ത്രിയും ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള വിദ്യാഭ്യാസ-ധനകാര്യ മന്ത്രിമാരും എന്ന രീതിയിലുള്ള ഒരു കൃത്യമായ സന്തുലിതാവസ്ഥയിലേക്ക് മുന്നണികൾ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മുതിർന്ന നേതാക്കൾ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞു. കഴിഞ്ഞ തവണ എൽ.ഡി.എഫ് നായർ സമുദായത്തിൽ നിന്നുള്ളവർക്ക് പ്രധാന സ്ഥാനങ്ങൾ നൽകിയത് മികച്ച രാഷ്ട്രീയ നീക്കമായിരുന്നു. മന്ത്രിസ്ഥാനങ്ങൾ കേവലം മതേതരത്വത്തിന്റെയോ കഴിവിന്റെയോ മാത്രം അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നത് നിഷ്കളങ്കതയാണ്. സാമൂഹിക യാഥാർത്ഥ്യങ്ങളും സാമുദായിക ബാലൻസും കണക്കിലെടുത്തുള്ള ‘സോഷ്യൽ എൻജിനീയറിംഗ്’ അത്യാവശ്യമാണെന്നും, അത് ഒളിച്ചുവെക്കാതെ സത്യസന്ധമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.



