മക്ക – തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച പ്രത്യേക പ്രാര്‍ഥനയായ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന വിശുദ്ധ ഹറമില്‍ ഈ വര്‍ഷം റമദാന്‍ 28 ന് രാത്രിയില്‍ (29-ാം രാവില്‍) തറാവീഹ് നമസ്‌കാരത്തിലാണ് നടക്കുകയെന്ന് ഹറം മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. റമദാന്‍ അവസാന പത്തില്‍ ഹറമില്‍ പുലര്‍ച്ചെ 12.30 ന് ആണ് തഹജ്ജുദ് നമസ്‌കാരം ആരംഭിക്കുകയെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു.
ആകാശ ലോകത്തു നിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും പുണ്യങ്ങള്‍ പെയ്തിറങ്ങുകയും ചെയ്യുന്ന വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കുകയും പാതിരാ നമസ്‌കാരങ്ങള്‍ക്ക് (തഹജ്ജുദ്) തുടക്കമാവുകയും ചെയ്തതോടെ മക്ക വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും അഭൂതപൂര്‍വമായ തിരക്ക് അനുഭപ്പെടാന്‍ തുടങ്ങി. അവസാന പത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅക്ക് ഇരു ഹറമുകളും മുറ്റങ്ങളും സൂചികുത്താനിടമല്ലാത്തവിധം നിറഞ്ഞുകവിഞ്ഞിരുന്നു.
സൗദിയില്‍ പെരുന്നാള്‍ അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാല്‍ ഉംറ നിര്‍വഹിക്കാനും ഹറമില്‍ ഇഫ്താറിലും തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിലും പങ്കെടുത്ത് പുണ്യം വാരിക്കൂട്ടാനും ആത്മശുദ്ധീകരണത്തിനും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും നിന്ന് നിരവധി സൗദി കുടുംബങ്ങള്‍ മക്കയിലും മദീനയിലുമെത്തിയിട്ടുണ്ട്. വിശുദ്ധ റമദാനില്‍ നിര്‍വഹിക്കുന്ന ഉംറ കര്‍മത്തിനുള്ള പ്രത്യേക പുണ്യംനുകരാന്‍ ലോകത്തിന്റെ അഷ്ടദിക്കുകകളില്‍ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

ഹറമില്‍ ശൈഖ് ഡോ. ഫൈസല്‍ അല്‍ഗസ്സാവി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ആരാധനകളും സല്‍കര്‍മങ്ങളും ചെയ്യാന്‍ വിശുദ്ധ റമദാനിലെ അവസാന പത്ത് വിനിയോഗിക്കണമെന്നും റമദാനിലെ അവസാന ദിവസങ്ങളിലെ പുണ്യങ്ങളും ശ്രേഷ്ഠതകളും പാഴാക്കരുതെന്നും ഇമാം വിശ്വാസികളെ ഉണര്‍ത്തി. മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അബ്ദുല്‍ബാരി അല്‍സുബൈത്തി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. അവസാന പത്ത് പരമാവധി പ്രയോജനപ്പെടുത്തി സല്‍ക്കര്‍മങ്ങളില്‍ മുന്നേറാനും ആയിരം മാസത്തെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ഖദ്‌റിന്റെ പുണ്യം നേടാന്‍ അതീവ താല്‍പര്യം കാണിക്കണമെന്നും പ്രവാചക പള്ളിയില്‍ നടത്തിയ ഉദ്‌ബോധന പ്രസംഗത്തില്‍ ശൈഖ് ഡോ. അബ്ദുല്‍ബാരി അല്‍സുബൈത്തി വിശ്വാസികളെ ഉണര്‍ത്തി.
വിശുദ്ധ ഹറമില്‍ തിരക്ക് വര്‍ധിച്ചതോടെ തിരക്ക് കുറക്കാന്‍ ശ്രമിച്ച് ഹജ്, ഉംറ മന്ത്രാലയം ബോധവല്‍ക്കരണം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. ഹറം പരിധിയിലെ ഏതു മസ്ജിദുകളില്‍ വെച്ചും നമസ്‌കാരം നിര്‍വഹിച്ചാലും മസ്ജിദുല്‍ഹറാമില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന അതേപുണ്യവും പ്രതിഫലവും തന്നെ ലഭിക്കുമെന്നും മക്ക നിവാസികള്‍ അടക്കമുള്ളവര്‍ മക്കയില്‍ തങ്ങള്‍ക്ക് സമീപമുള്ള പള്ളികളില്‍ നമസ്‌കാരം നിര്‍വഹിച്ച് ഹറമിലെ തിരക്ക് കുറക്കാന്‍ സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മക്കയില്‍ ഹറം പരിധിയില്‍ പെട്ട 167 മസ്ജിദുകളില്‍ കൂടി ഇന്നു മുതല്‍ ജുമുഅ നമസ്‌കാരത്തിന് തുടക്കമായി. ഈ പള്ളികളില്‍ ജുമുഅ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടത്താന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ മക്ക ഹറം പരിധിയില്‍ ജുമുഅ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കുന്ന മസ്ജിദുകളുടെ എണ്ണം 849 ആയി ഉയര്‍ന്നു. ഇവയില്‍ ഒരേസമയം പത്തു ലക്ഷത്തിലേറെ പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കും.
റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് എല്ലാവര്‍ക്കും സുഗമമായ ആത്മീയ അനുഭവം ഉറപ്പാക്കുന്നതിന് ചില നിയന്ത്രണ നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഹറമില്‍ എത്തുന്നതിനു മുമ്പായി ഉംറ പെര്‍മിറ്റ് നേടണം. തിരക്ക് ഒഴിവാക്കാന്‍ പെര്‍മിറ്റില്‍ നിര്‍ണയിച്ച കൃത്യസമയത്തു തന്നെ ഹറമില്‍ എത്തണം. റമദാനില്‍ ഒറ്റത്തവണ മാത്രം ഉംറ കര്‍മം നിര്‍വഹിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹറമിലെ തിരക്ക് കുറക്കാന്‍ മക്കയിലെ മറ്റു മസ്ജിദുകളില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കണം. ഹറമിലേക്ക് വരുന്നവര്‍ പൊതുഗതാഗ സംവിധാനം ഉപയോഗിക്കണം. സുഗമമായ നീക്കം ഉറപ്പാക്കാന്‍ ഇടനാഴികളിലും ഗോവണികളിലും തിക്കുംതിരക്കുമുണ്ടാക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്നലെ (വ്യാഴം) രാത്രി മുതല്‍ ഇരു ഹറമുകളിലും തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് തുടക്കമായി. ലക്ഷക്കണക്കിന് വിശ്വാസികള്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഇന്നലെ (വ്യാഴാഴ്ച) രാത്രി മുതല്‍ ഇഅ്തികാഫും ആരംഭിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും പ്രത്യേകം നീക്കിവെച്ച സ്ഥലങ്ങളിലാണ് ഇഅ്തികാഫ് അനുവദിക്കുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തികാഫിന് അവസരമൊരുക്കിയിരിക്കുന്നത്. റമദാന്‍ 30 ഇശാ നമസ്‌കാരം പൂര്‍ത്തിയാകുന്നവരെയാണ് ഹറമിലും മസ്ജിദുന്നവിയിലും ഇഅ്തികാഫ് അനുവദിക്കുക. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കിടയില്‍ വെള്ളവും ഇഫ്താറും അത്താഴവും ചായയും കാപ്പിയും മറ്റും വിതരണം ചെയ്യുന്നുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് വ്യത്യസ്ത ഭാഷകളില്‍ മതപഠന ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
2023 നാലാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം 31 ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു. 2024 നാലാം പാദത്തില്‍ 74,35,625 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 52,83,795 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 21,51,830 പേര്‍ ആഭ്യന്തര തീര്‍ഥാടകരുമായിരുന്നു. ആഭ്യന്തര തീര്‍ഥാടകരില്‍ 16,80,275 പേര്‍ മക്ക പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു. വിദേശ തീര്‍ഥാടകരില്‍ 84.43 ശതമാനം പേരും വിമാന മാര്‍ഗമാണ് സൗദിയിലെത്തിയത്. തീര്‍ഥാടകരില്‍ 53 ശതമാനം പേര്‍ പുരുഷന്മാരും 47 ശതമാനം പേര്‍ വനിതകളുമായിരുന്നു. ആകെ തീര്‍ഥാടകരില്‍ സൗദികള്‍ നാലര ശതമാനമായിരുന്നു. ആഭ്യന്തര തീര്‍ഥാടകരില്‍ കൂടുതല്‍ പേര്‍ മക്ക പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു.

2023 നാലാം പാദത്തെ അപേക്ഷിച്ച് 2024 നാലാം പാദത്തില്‍ വിദേശ തീര്‍ഥാടകരുടെ എണ്ണം 26.2 ശതമാനം തോതില്‍ വര്‍ധിച്ചു. വിദേശ തീര്‍ഥാടകരില്‍ 64.7 ശതമാനവും ഉംറ വിസയിലാണ് രാജ്യത്തെത്തിയത്. ഏറ്റവും കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ എത്തിയ മാസം ഡിസംബര്‍ ആണ്. നാലാം പാദത്തില്‍ വിദേശ തീര്‍ഥാടകരില്‍ 38.2 ശതമാനവും പുണ്യഭൂമിയിലെത്തിയത് ഡിസംബറിലായിരുന്നു. ആഭ്യന്തര തീര്‍ഥാടകര്‍ കൂടുതല്‍ എത്തിയത് നവംബറിലാണ്. ആഭ്യന്തര തീര്‍ഥാടകരില്‍ 34 ശതമാനം പേര്‍ നവംബറിലാണ് ഉംറ കര്‍മം നിര്‍വഹിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റമദാനില്‍ വിദേശ, ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഒരുപോലെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റമദാന്‍ അവസാന പത്തില്‍ പ്രവേശിച്ചതോടെ മക്കക്കും മദീനക്കുമിടയില്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിന സര്‍വീസുകള്‍ 130 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. മദീനയില്‍ മസ്ജിദുന്നബവിയിലേക്കുള്ള ബസ് ഷട്ടില്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചതായി മദീന വികസന അതോറിറ്റി മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മദീന ബസ് പ്രൊജക്ട് അറിയിച്ചു. വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ തഹജ്ജുദ് നമസ്‌കാരം പൂര്‍ത്തിയായി അര മണിക്കൂര്‍ പിന്നിടുന്നതു വരെയാണ് ബസ് ഷട്ടില്‍ സര്‍വീസുകളുള്ളത്. സയ്യിദുശ്ശുഹദാ, അല്‍സലാം കോളേജ് സ്‌റ്റേഷനുകളില്‍ നിന്ന് 24 മണിക്കൂറും ബസ് ഷട്ടില്‍ സര്‍വീസുകളുണ്ട്. മദീന എയര്‍പോര്‍ട്ടില്‍ നിന്നും റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും 24 മണിക്കൂറും മസ്ജിദുന്നബവിയിലേക്ക് ബസ് സര്‍വീസുകളുണ്ട്.