ലണ്ടന്‍ – ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഗാസ നിവാസികളെ നാടുകടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്കെതിരെ ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് പുറത്ത് ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. ‘ഹാന്‍ഡ്‌സ് ഓഫ് ഗാസ’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഫലസ്തീന്‍ പതാകകളും വഹിച്ചുകൊണ്ട് പ്രകടനക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളില്‍ നിന്ന് തെംസ് നദിയുടെ തെക്ക് ഭാഗത്തുള്ള അമേരിക്കന്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തു.
‘സ്റ്റാന്‍ഡ് അപ് ടു ട്രംപ്’, ‘ട്രംപ്, കാനഡ നിങ്ങളുടെ 51-ാമത്തെ സംസ്ഥാനമല്ല. ഗാസ നിങ്ങളുടെ 52-ാമത്തെ സംസ്ഥാനമല്ല’, ‘ഫ്രീഡം ഫോര്‍ ഫലസ്തീന്‍’, ‘ഫ്രീ ഫലസ്തീന്‍’, ‘ഇസ്രായിലിനെ ആയുധമണിയിക്കുന്നത് നിര്‍ത്തുക’ എന്നീ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ ബാനറുകളും പ്ലക്കാര്‍ഡുകളും മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ട്രംപിന്റെ പദ്ധതി പൂര്‍ണമായും അധാര്‍മികവും നിയമവിരുദ്ധവുമാണെന്ന് ഞാന്‍ കരുതുന്നു, ഇത് പ്രായോഗികമല്ലാത്തതും യുക്തിരഹിതവുമാണ് – ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട 87 കാരനായ സ്റ്റീവന്‍ കെപോസ് എ.എഫ്.പിയോട് പറഞ്ഞു.

ഗാസയില്‍ നിന്ന് ഇരുപതു ലക്ഷം ആളുകളെ പുറത്താക്കുക എന്നത് സാധ്യമല്ല, ഗാസ നിവാസികളെ സ്വീകരിക്കില്ലെന്ന് അയല്‍ രാജ്യങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. ട്രംപിന്റെ ഗാസ പദ്ധതി ഒരിക്കലും നടക്കില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സാധ്യമായ പരിഹാരമായി ഇത് അവതരിപ്പിച്ചത് ഇതിനകം തന്നെ വളരെയധികം കോട്ടമുണ്ടാക്കി – സ്റ്റീവന്‍ കെപോസ് പറഞ്ഞു.
ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്നിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം, 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചതിനു ശേഷം ബ്രിട്ടീഷ് തലസ്ഥാനത്ത് നടക്കുന്ന ഇരുപത്തിനാലാമത്തെ മാര്‍ച്ച് ആണ്. അമേരിക്ക ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ഈജിപ്ത്, ജോര്‍ദാന്‍ പോലുള്ള മറ്റു രാജ്യങ്ങളില്‍ ഗാസ നിവാസികളെ പുനരധിവസിപ്പിച്ച ശേഷം തകര്‍ന്ന പ്രദേശം പുനര്‍നിര്‍മിച്ച് ഗാസയെ മിഡില്‍ ഈസ്റ്റിന്റെ തീരദേശ റിസോര്‍ട്ട് നഗരമാക്കി മാറ്റുമെന്നും കഴിഞ്ഞയാഴ്ച ഡൊണാള്‍ഡ് ട്രംപ് ഒന്നിലധികം തവണ പ്രസ്താവിച്ചിരുന്നു.
ട്രംപിന്റെ പ്രസ്താവനകള്‍ ആഗോളതലത്തില്‍ രോഷം ആളിക്കത്തിച്ചു. അറബ് രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ പദ്ധതിയെ അപലപിക്കുകയും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം കാണേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു.