ന്യൂഡൽഹി– ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. പുരാതനമായ സാംസ്കാരിക ബന്ധങ്ങളും വിപുലമായ ഉഭയകക്ഷി ബന്ധങ്ങളുമുള്ള ഈ രാജ്യങ്ങളിലേക്കുള്ള യാത്ര സുപ്രധാനമാണെന്ന് യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ മോദി വ്യക്തമാക്കി. സന്ദർശനത്തിന്റെ ആദ്യഘട്ടമായി ഇന്നും നാളെയും പ്രധാനമന്ത്രി ജോർദാനിലെത്തും. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. അമ്മാനിൽ വെച്ച് രാജാവുമായും പ്രധാനമന്ത്രി ജാഫർ ഹസ്സനുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ജോർദാനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും സംവദിക്കും.
തുടർന്ന്, എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുടെ ക്ഷണപ്രകാരം ഡിസംബർ 16, 17 തീയതികളിൽ പ്രധാനമന്ത്രി എത്യോപ്യ സന്ദർശിക്കും. ഇതാദ്യമായാണ് മോദി എത്യോപ്യ സന്ദർശിക്കുന്നത്. 2023-ലെ ഇന്ത്യയുടെ ജി20 അധ്യക്ഷതയിൽ ആഫ്രിക്കൻ യൂണിയന് ജി20-ൽ സ്ഥിരാംഗത്വം ലഭിച്ചതിന് ശേഷം, ആഫ്രിക്കൻ യൂണിയൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അഡിസ് അബാബയിലേക്കുള്ള സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള ഇന്ത്യ-എത്യോപ്യ സഹകരണത്തെക്കുറിച്ചും സംസാരിക്കും.
സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ, ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ഒമാനിലെത്തും. ഡിസംബർ 17, 18 തീയതികളിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണപ്രകാരം മസ്‌കറ്റിലെത്തുന്ന അദ്ദേഹം, വ്യാപാരം, നിക്ഷേപം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ഒമാനിലെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നതോട് കൂടി, പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്ന ഈ ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാകും.



