ഷാജഹാൻപൂർ- ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ പാതയും ഇന്ത്യയിലെ തന്നെ വലിയ ഗ്രീൻഫീൽഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ബംഗാൾ തിരഞ്ഞെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനങ്ങൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നതെന്നും അവിടെ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തർപ്രദേശിലെ വികസന കുതിപ്പിന് കരുത്തേകുന്ന ഈ ആറുവരിപ്പാത യാഥാർത്ഥ്യമായതോടെ മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്രാസമയം 11 മണിക്കൂറിൽ നിന്ന് വെറും 6 മണിക്കൂറായി ചുരുങ്ങി.
36,230 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ എക്‌സ്പ്രസ് വേയ്ക്ക് 594 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മീററ്റ്, ഹാപ്പൂർ, ബുലന്ദ്ഷഹർ തുടങ്ങി പ്രയാഗ്‌രാജ് വരെയുള്ള 12 ജില്ലകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. നിലവിൽ ആറുവരിപ്പാതയാണെങ്കിലും ഭാവിയിൽ എട്ടുവരിപ്പാതയാക്കി മാറ്റാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഈ പാത റെക്കോർഡ് വേഗത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
യാത്രാ സൗകര്യത്തിന് പുറമെ വലിയ നിക്ഷേപ സാധ്യതകളും ഈ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. റോഡിനോട് ചേർന്ന് 12 മാനുഫാക്ചറിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 6,507 ഏക്കർ ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള 987 നിർദ്ദേശങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഈ പുതിയ പാത നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



