- വിഷന്‍ പ്രഖ്യാപിച്ച ശേഷം മൊത്തം ആഭ്യന്തരോല്‍പാദനം 70 ശതമാനം വര്‍ധിച്ചു – നിക്ഷേപ മന്ത്രി
റിയാദ് – 2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം 70 ശതമാനം വര്‍ധിച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. സാമ്പത്തിക വളര്‍ച്ച ശക്തമാക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് റിയാദില്‍ എട്ടാമത് വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് പ്രീമിയം ഇഖാമ നല്‍കുന്ന പദ്ധതി സൗദി അറേബ്യ സമീപ കാലത്ത് ആരംഭിച്ചു. ഇതിനകം 1,200 ലേറെ വിദേശ നിക്ഷേപകര്‍ പ്രീമിയം ഇഖാമ നേടി. സ്വന്തം നാട്ടിലേതു പോലെയാണ് ഇവര്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ പ്രതിഭകളെയും നിക്ഷേപകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു.
ഡിജിറ്റല്‍ പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ സൗദിയില്‍ എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്. ശാസ്ത്രീയ ഗവേഷണങ്ങള്‍ വളര്‍ച്ചയുടെയും നിക്ഷേപത്തിന്റെയും ചാലകശക്തിയാണ്. സുസ്ഥിരതയിലും കാര്‍ബണ്‍ സര്‍ക്കുലാര്‍ ഇക്കോണമി പദ്ധതികളിലും നിക്ഷേപം നടത്തുന്നത് നിലവില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്നാണ്. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വര്‍ധിപ്പിക്കാനും സൗദി അറേബ്യ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നു. ഇത് വ്യക്തമായ ഫലങ്ങള്‍ നല്‍കി.
സമീപ വര്‍ഷങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. വിഷന്‍ 2030 ന്റെ കുടക്കീഴില്‍, നിക്ഷേപങ്ങളിലൂടെയും നിക്ഷേപ തന്ത്രങ്ങളിലൂടെയും രാജ്യത്തെ സമന്വയിപ്പിക്കാനും എല്ലാ മേഖലകളിലും മുന്‍കൈയെടുക്കാനും മുഴുവന്‍ നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്താനും സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നു. ഇതിന്റെയെല്ലാം ഫലമായാണ് വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം മൊത്തം ആഭ്യന്തരോല്‍പാദനം 70 ശതമാനം വര്‍ധിച്ച് 1.1 ട്രില്യണ്‍ ഡോളറിലെത്തിയത്.
വിഷന്‍ 2030 പ്രഖ്യാപിക്കുന്നതിനു മുമ്പത്തെ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ നിക്ഷേപങ്ങള്‍ മൂന്നിരട്ടിയിലേറെ വര്‍ധിച്ചിരിക്കുന്നു. സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ നിക്ഷേപകരുടെ എണ്ണം 2016 മുതല്‍ പത്തിരട്ടി വര്‍ധിച്ചു. മേഖലാ തലത്തില്‍ സൗദി അറേബ്യ വഹിക്കുന്ന പങ്ക് വര്‍ധിച്ചുവരികയാണ്. വിഷന്‍ 2030 ന്റെ കുടക്കീഴില്‍ സമഗ്രവും ചരിത്രപരവുമായ പരിവര്‍ത്തനത്തിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളെയും നിക്ഷേപകരെയും അസാധാരണ ശേഷികളുള്ള പ്രൊഫഷനലുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷാദ്യമാണ് സൗദി അറേബ്യ പ്രീമിയം ഇഖാമ പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗദിയില്‍ ബിസിനസുകള്‍ നടത്തല്‍, റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമാക്കല്‍, വാടകക്ക് കൊടുത്തും മറ്റും അവ പ്രയോജനപ്പെടുത്തല്‍, ഉടമക്കും കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ അനുമതി, വിദേശികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി ഇളവ്, കുടുംബാംഗങ്ങള്‍ക്കുള്ള ഇഖാമ, വിസയില്ലാതെ സൗദിയില്‍ നിന്ന് പുറത്തുപോകല്‍, രാജ്യത്ത് തിരികെ പ്രവേശിക്കല്‍, ഫീസുകളില്ലാതെ സ്ഥാപനങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ തൊഴില്‍ മാറ്റം, ബന്ധുക്കള്‍ക്കുള്ള വിസിറ്റ് വിസ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ലഭിക്കും.