ലെയ്പ്‌സിഗ് (ജർമ്മനി)- ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ആദ്യ ഗോൾ നേടുമ്പോൾ ഫ്രാൻസിസ്കോ കോൺസെക്കാവോയ്ക്ക് വെറും ആറ് മാസം മാത്രമായിരുന്നു പ്രായം. യൂറോ കപ്പിലെ പോർച്ചുഗലിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സൈഡ് ബെഞ്ചിൽനിന്ന് പകരക്കാരനായി ഗ്രൗണ്ടിലെത്തി ഫ്രാൻസിസ്കോ കോൺസെക്കാവോ ഗോൾ നേടുമ്പോൾ ഓടിയെത്തി കെട്ടിപ്പിടിക്കാൻ ഗ്രൗണ്ടിൽ ക്രിസ്റ്റ്യാനോയുണ്ടായിരുന്നു. പകരക്കാരനായെത്തി 21-കാരൻ പോർച്ചുഗലിന് നേടിക്കൊടുത്തത് അമൂല്യ വിജയം. ചെക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പോർച്ചുഗൽ വിജയത്തിന് തുടക്കമിട്ടത്.
പകരക്കാരുടെ ബഹളമായിരുന്നു പോർച്ചുഗൽ നിരയിൽ. എന്നാൽ ആദ്യ ഇലവനിൽ തന്നെ ക്രിസ്റ്റാനോ കളത്തിലിറങ്ങി.
പോർച്ചുഗലിൻ്റെ ഫുട്ബോൾ ചരിത്രത്തിൽ ഫ്രാൻസിസ്സോ കോൺസെക്കാവോ എന്ന പേര് വളരെ വലുതാണ്, ഫ്രാൻസിസ്കോയുടെ പിതാവ്, കഴിഞ്ഞ ഏഴ് വർഷമായി പോർട്ടോയെ പരിശീലിപ്പിച്ചുവരികയാണ്. റൊണാൾഡോ അരങ്ങേറ്റം കുറിച്ച വർഷം തൻ്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചാണ് അദ്ദേഹം കളം വിട്ടത്.
പോർച്ചുഗലിന് വേണ്ടി അഞ്ചു വട്ടം കളത്തിലിറങ്ങിയ ഫ്രാൻസിസ്സോ കോൺസെക്കാവോയുടെ മൂന്നാമത്തെ ഗോളാണിത്.
പോർച്ചുഗലിനെ ഞെട്ടിച്ചാണ് രണ്ടാം പകുതി തുടങ്ങിയത്. ലൂക്കാസ് പ്രൊവോഡിൻ്റെ തകർപ്പൻ സ്‌ട്രൈക്കിലൂടെയാണ് ടൂർണമെൻ്റിലെ ഫേവറിറ്റുകളിലൊന്നായ പോർച്ചുഗലിനെ ചെക്കുകൾ അമ്പരപ്പിച്ചത്. എന്നാൽ അധികം വൈകാതെ സെൽഫ് ഗോളിലൂടെ പോർച്ചുഗീസ് സമനില പിടിച്ചു. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവല ചലിപ്പിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.
ജോർജിയക്ക് എതിരെ തുർക്കിക്ക് ജയം
ഡോർട്ട്മുണ്ട്- ജോർജിയയെ 3-1 ന് തോൽപ്പിച്ച് തുർക്കി തങ്ങളുടെ യൂറോ കപ്പ് ക്യാംപയിന് ആവേശകരമായ തുടക്കം കുറിച്ചു. പതിനായിരക്കണക്കിന് ടർക്കിഷ് ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ വെസ്റ്റ്ഫലെൻസ്റ്റേഡിയൻ സ്റ്റേഡിയത്തിലായിരുന്നു തുർക്കിയുടെ ജയം. നിര്‍ഭാഗ്യമാണ് ജോര്‍ജിയയുടെ വിജയം തടഞ്ഞത്. മെർറ്റ് മുൽദൂർ (25ാം മിനിറ്റിൽ), അർദ ഗുലെർ (65), കെരീം അക്തുർകോഗ്ലു (90+7) എന്നിവർ തുർക്കിയുടെ ഗോളുകൾ നേടി. ജോർജിയയുടെ ആശ്വാസ ഗോൾ ജോർജ് മിക്കോട്ടഡ്സെയുടെ വകയായിരുന്നു.
25ാം മിനിറ്റിൽ മെർറ്റ് മുൾദൂറിന്‍റെ കിടിലൻ വോളി ഗോളിലൂടെ തുർക്കിയയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനു പുറത്തുനിന്നുള്ള താരത്തിന്‍റെ എണ്ണം പറഞ്ഞ വോളി പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് തുളച്ചുകയറി. അഞ്ചു മിനിറ്റിനുള്ളിൽ ജോർജിയ മത്സരത്തിൽ സമനില പിടിച്ചു. ബോക്സിന്‍റെ വലതുമൂലയിൽനിന്ന് ജോർജി കൊഷോരാഷ്വിലി നൽകിയ ക്രോസ് ജോർജ് മിക്കോട്ടഡ്സെ ഗോളാക്കി. 65-ാം മിനിറ്റിലും എക്സ്ട്രൈ ടൈമിലുമായി തുർക്കി ഓരോ ഗോൾ കൂടി നേടി നിർണായകമായ മൂന്നു പോയിന്റെ സ്വന്തമാക്കി.