മിന – മിനായിൽ രാപാർത്ത ശേഷം ഹാജിമാർ അറഫ ലക്ഷ്യം വെച്ചു നീങ്ങിത്തുടങ്ങി. നാളെ(ശനി)യാണ് ഹജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മങ്ങളിലൊന്നായ അറഫ. ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് എത്തിയ ഹാജിമാർ നാളെ അറഫയിൽ സംഗമിക്കും. അറഫയിൽ സംഗമിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ നാളെ വ്രതം അനുഷ്ടിക്കും. ദുൽഹജ് മാസത്തിന്റെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ ഞായറാഴ്ച ആയിരിക്കും അറഫ നോമ്പ്. മിനയിൽനിന്ന് രാത്രിയോടെയാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുന്നത്.
അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കുന്നതും ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയായിരിക്കും. അറഫ പ്രസംഗത്തിന് ലോക മുസ്‌ലിം സമൂഹം വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ലോകത്ത് കോടിക്കണക്കിന് വിശ്വാസികള്‍ അറഫ പ്രസംഗം തത്സമയം വീക്ഷിക്കാറുണ്ട്.
സൂര്യാസ്തമനം വരെ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. സൂര്യാസ്തമനത്തിനു ശേഷം അറഫയില്‍ നിന്ന് ഹാജിമാര്‍ മുസ്ദലിഫയിലെത്തി രാപാര്‍ക്കും. നാളെ അര്‍ധരാത്രിക്കു ശേഷം ഹാജിമാര്‍ മിനായിലെത്തി ജംറത്തുല്‍അഖബയില്‍ കല്ലേറ് കര്‍മം നടത്തി തലമുണ്ഡനം ചെയ്ത് വിശുദ്ധ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്യും.
മക്കക്കും മുസ്ദലിഫക്കും ഇടയില്‍ വിശുദ്ധ ഹറമിന് വടക്കുകിഴക്ക് ഏഴു കിലോമീറ്റര്‍ ദൂരെയാണ് മിന. മിനാ താഴ്‌വരക്ക് വടക്കും തെക്കും പര്‍വതങ്ങള്‍ അതിരിടുന്നു. മക്ക ദിശയില്‍ ജംറത്തുല്‍അഖബയും മുസ്ദലിഫ ദിശയില്‍ വാദി മഹ്‌സറും മിനാ താഴ്‌വരക്ക് അതിരിടുന്നു. മൂന്നു ജംറകളും മിന പര്‍വതത്തിന്റെ തെക്കന്‍ ചെരിവില്‍ ജംറത്തുസ്സുഗ്‌റക്കു സമീപമുള്ള അല്‍ഖൈഫ് മസ്ജിദും ഹിജ്‌റ 144 ല്‍ അബ്ബാസി ഖലീഫ അബീജഅ്ഫര്‍ അല്‍മന്‍സൂര്‍ നിര്‍മിച്ച അല്‍ബൈഅ മസ്ജിദും മിനായിലെ പ്രധാന ചരിത്ര അടയാളങ്ങളാണ്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതായ ഹജ് കര്‍മങ്ങള്‍ക്ക് ഇന്നാണ്(വെള്ളി) തുടക്കമായത്. തല്‍ബിയത് മന്ത്രങ്ങള്‍ ഉച്ചത്തില്‍ ഉരുവിട്ട് തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍ ഒത്തുകൂടി. കറകളെല്ലാം കഴുകിക്കളഞ്ഞ് കളങ്കരഹിതമാക്കി മാറ്റിയ മനസ്സുകളുടെ നേര്‍ചിത്രം പോലെ ശുഭ്രവസ്ത്രം ധരിച്ച തീര്‍ഥാടക ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ തമ്പുകളുടെ നഗരമായ മിനാ താഴ്‌വര അക്ഷരാര്‍ഥത്തില്‍ പാല്‍ക്കടലായി മാറി.
ഹാജിമാരില്‍ ചിലര്‍ ഇന്നലെ തന്നെ മിനായിലെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ സുബ്ഹി നസ്‌കാരത്തിനു ശേഷം മിനായിലേക്കുള്ള തീര്‍ഥാടകരുടെ പ്രവാഹത്തിന് ശക്തി കൂടി. ഹജിനു മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് വിശുദ്ധ ഹറമില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് നല്ലൊരു ശതമാനം തീര്‍ഥാടകരും മിനാ യാത്ര നീട്ടിവെച്ചു. ജുമുഅ പൂര്‍ത്തിയായതോടെ ശേഷിക്കുന്ന ഹാജിമാരെല്ലാവരും മിനാ താഴ്‌വര ലക്ഷ്യമാക്കി നീങ്ങി. ഹാജിമാരുടെ മിനാ യാത്രക്ക് ത്വവാഫ കമ്പനികളും ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളും 25,000 ലേറെ ബസുകള്‍ പ്രയോജനപ്പെടുത്തി. ബസുകള്‍ക്ക് കാത്തുനില്‍ക്കാതെ നിരവധി പേര്‍ മക്കയില്‍ നിന്ന് കാല്‍നടയായാണ് മിനായിലേക്ക് നീങ്ങിയത്.
കടുത്ത ചൂട് ആണ് ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കടുത്ത ചൂടില്‍ നിന്ന് സംരക്ഷണം നേടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കാതെ നോക്കാന്‍ കുടകള്‍ ഉപയോഗിക്കണമെന്നും നഗ്നപാദരായി പകല്‍ സമയങ്ങളില്‍ നടക്കരുതെന്നും ധാരാളം പാനീയങ്ങള്‍ കുടിക്കണമെന്നും ആവശ്യത്തിന് വിശ്രമമെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സൂര്യാഘാതം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനും ഹാജിമാര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കാനും വിപുലമായ ക്രമീകരണങ്ങള്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മക്കയില്‍ 43 ഉം മദീനയില്‍ 46 ഉം ജിദ്ദയില്‍ 40 ഉം ഡിഗ്രി സെല്‍ഷ്യല്‍ താപനില ഇന്ന് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ഇത്തവണ ബാധകമാക്കിയത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത 150 ആഭ്യന്തര തീര്‍ഥാടകരുടെ ഹജ് പെര്‍മിറ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഇത്തവണ പുണ്യസ്ഥലങ്ങളില്‍ മൊബൈല്‍ പകര്‍ച്ചവ്യാധി യൂനിറ്റുകളും ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ സജ്ജീകരണങ്ങളും സാങ്കേതികവിദ്യകളും അടങ്ങിയ മൊബൈല്‍ ലബോറട്ടറി സംവിധാനം ഏര്‍പ്പെടുത്തി ഉയര്‍ന്ന അപകടസാധ്യതയുള്ള പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും നിരീക്ഷിക്കാനും രോഗനിര്‍ണയം നടത്താനും ആരോഗ്യ സുരക്ഷ വര്‍ധിപ്പിക്കാനമുള്ള ശേഷികള്‍ ഉയര്‍ത്താനാണ് മൊബൈല്‍ പകര്‍ച്ചവ്യാധി യൂനിറ്റുകളിലൂടെ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇന്നു വരെ 93,000 ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നല്‍കി. 19 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ നടത്തി. 218 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും വൃക്ക രോഗികളായ തീര്‍ഥാടകര്‍ക്ക് 676 ഡയാലിസിസുകളും നടത്തി. 2,022 ഹാജിമാരെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും പ്രവേശിപ്പിച്ച് ചികിത്സകള്‍ നല്‍കി.
ഹജ് തീര്‍ഥാടകരുടെ ഇളംപ്രായത്തിലുള്ള കുട്ടികളെ സ്വീകരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മക്കയില്‍ 22 ശിശുപരിചരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പത്തു വയസു വരെയുള്ള കുട്ടികളെയാണ് ഇവിടങ്ങളില്‍ സ്വീകരിക്കുന്നത്. ആരോഗ്യ, സാമൂഹിക, മാനസിക, വിനോദ പരിപാടികള്‍ ഈ സെന്ററുകളിലൂടെ നല്‍കുന്നു. ഇളംപ്രായത്തിലുള്ള കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളിലാക്കി മനസ്സമാധാനത്തോടെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പദ്ധതി തീര്‍ഥാടകരെ സഹായിക്കുന്നു.