ജിദ്ദ: ഹജ്ജിന്റെ ആത്മീയ സുകൃതം ഏറ്റുവാങ്ങി ആഗോള മുസ്‌ലിം കൾ വിശുദ്ധ മക്കയോട് വിട പറഞ്ഞു കൊണ്ടിരിക്കെയാണ് പരിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അൽശൈബിയുടെ അകാല വേർപാടിന്റെ വാർത്ത. അൽശൈബിയുടെ മരണത്തിൽ ദു:ഖിക്കുന്നവർക്കൊപ്പം അദ്ദേഹത്തിന്റെ ജീവിതം സമഗ്രമായ ഒരു ഡോക്യൂമെന്ററിയിലൂടെ വരച്ചു കാട്ടിയ തുർക്കി സ്വദേശിയായ ക്യാമറാമാൻ ഒമർ ഫാറൂഖ് അക്സോയിയുമുണ്ട്.
ഈ ഡോക്യുമെന്ററി ചിത്രം വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ മുതിർന്ന അംഗം ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയുടെ ബാല്യം, കൗമാരം, മതപഠനം തുടങ്ങി സമസ്ത മേഖലകളും സ്പർശിക്കുന്നതാണ്. നിരവധി ഇസ്ലാമിക പഠനവേദികളിലും സർവകലാശാലകളിലും അക്സോയി ഒപ്പിയെടുത്ത ഡോക്യൂമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്.
അതിഥി സൽക്കാരത്തിൽ അതീവ തല്പരരായ അൽ ശൈബി കുടുംബത്തെയും അവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സ്വാലിഹ് ശൈബിയേയും ഒരിക്കലും എനിക്ക് മറക്കാനാവില്ല – സൗദി രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ കൂടിയായ ഒമർ അക്സോയി ‘ദ മലയാളം ന്യൂസിനോട് ‘ പറഞ്ഞു.
സൗദി ഭരണാധികാരികളായ മൂന്ന് രാജാക്കന്മാരുടെയും ചിത്രങ്ങൾ എടുക്കുകയെന്ന അപൂർവ ബഹുമതിയും അക്സോയിക്ക് സ്വന്തം. അൽശൈബി കുടുംബത്തിലെ മൂന്ന് തലമുറകളിൽ പെട്ടവരോടൊപ്പമുള്ള ഫോട്ടോകളും ജിദ്ദ ഹയൽ റൗദയിലെ മനോഹരമായ വീട്ടിലും അകത്തെ സ്റ്റുഡിയോ യിലും ഒമർ അക്സോയി പ്രദർശിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല വഹിച്ച 77-മത്തെ സാദിന്‍ ആയിരുന്നു ശൈഖ് സ്വാലിഹ് അല്‍ശൈബി. കഅ്ബാലയത്തിന്റെ കഴുകല്‍ ചടങ്ങില്‍ നൂറിലേറെ തവണ പങ്കെടുത്ത് ഇദ്ദേഹത്തിന്റെ കൈകള്‍ പവിത്ര മാക്കപ്പെട്ടു. കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന വ്യക്തി ‘സാദിന്‍ ‘ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വിശുദ്ധ ഹറമിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ തൊഴിലാണ് താക്കോല്‍ സൂക്ഷിപ്പ്. 35 സെന്റീമീറ്റര്‍ നീളമുള്ള, ഇരുമ്പില്‍ നിര്‍മിച്ച കഅ്ബാലയത്തിന്റെ താക്കോല്‍ കൈവശം വെക്കാന്‍ അധികാരമുള്ള ഏക വ്യക്തിയാണ് സാദിന്‍. കഅ്ബാലയത്തെ അണിയിച്ച കിസ് വ മാറ്റല്‍, കഅ്ബാലയം കഴുകല്‍, അത്തര്‍ പൂശല്‍, കഅ്ബാലയം തുറക്കല്‍, അടക്കല്‍ തുടങ്ങി കഅ്ബാലയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല സാദിന് ആണ്.
‘ത്വല്‍ഹയുടെ മക്കളേ, വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ എക്കാലവും നിങ്ങള്‍ കൈവശം വെക്കുക, അക്രമിയല്ലാതെ ഇത് നിങ്ങളില്‍ നിന്ന് പിടിച്ചുപറിക്കില്ല’ – എന്ന് പ്രവാചകന്‍ പറഞ്ഞ ശൈബ ബിന്‍ ഉസ്മാന്‍ ബിന്‍ അബീത്വല്‍ഹയുടെ സന്തതി പരമ്പരയില്‍ പെട്ട പേരമകനാണ് ഇന്ന് വിട പറഞ്ഞ സ്വാലിഹ് അല്‍ശൈബി. മക്കയില്‍ ജനിച്ച ശൈഖ് സ്വാലിഹ് അല്‍ശൈബി ഇസ്‌ലാമിക് സ്റ്റഡീസില്‍ ആണ് ഡോക്ടറേറ്റ് നേടിയത്. യൂനിവേഴ്‌സിറ്റി പ്രൊഫസറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചരിത്രത്തിലും വിശ്വാസത്തിലും ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്. പിതൃസഹോദരന്‍ അബ്ദുല്‍ഖാദിര്‍ ത്വാഹാ അല്‍ശൈബി ഹിജ്‌റ 1435 ല്‍ മരണപ്പെട്ടതോടെയാണ് ഡോ. സ്വാലിഹ് അല്‍ശൈബിക്ക് വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല ലഭിച്ചത്.