ഏദന്‍ – പിഞ്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബാലികയുടെ പിതാവ് നിരുപാധികം മാപ്പ് നല്‍കി. ഏദനിലെ അല്‍മന്‍സൂറ സെന്‍ട്രല്‍ ജയില്‍ ചത്വരത്തില്‍ ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. വധശിക്ഷ നടപ്പാക്കാനുള്ള മുഴുവന്‍ തയാറെടുപ്പുകളും സുരക്ഷാ വകുപ്പുകള്‍ പൂര്‍ത്തിയാക്കുകയും പ്രതിയെ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ മുതിർന്ന സമയത്താണ് എല്ലാവരെയും അമ്പരപ്പിച്ചും ആഹ്ലാദത്തിലാക്കിയും മകളുടെ ഘാതകന് യെമനി യുവാവ് മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്.
ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളാകാന്‍ നിരവധി പേര്‍ പ്രദേശത്ത് എത്തിയിരുന്നു. അവസാന നിമിഷം പ്രതിക്ക് മാപ്പ് ലഭിച്ചത് എല്ലാവരെയും ആഹ്ലാദത്തിലാക്കി. തക്ബീര്‍ ധ്വനികള്‍ മുഴക്കി ഇവര്‍ സന്തോഷം പ്രകടിപ്പിക്കുകയും ബാലികയുടെ പിതാവ് ഇബ്രാഹിം അല്‍ബക്‌രിയെ ആശ്ലേഷിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസത്തിലാണ് ഇബ്രാഹിം അല്‍ബക്‌രിയുടെ മകള്‍ ഹനീനെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവെച്ചുകൊലപ്പെടുത്തിയത്. യുവാവിന്റെ മറ്റൊരു മകളായ റാവിയക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍മന്‍സൂറ നഗരത്തിലെ അല്‍കുഥൈരി സ്ട്രീറ്റില്‍ പിതാവിന്റെ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അക്രമി നടത്തിയ വെടിവെപ്പില്‍ ബാലിക കൊല്ലപ്പെടുകയും സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ബലിപെരുന്നാള്‍ ദിവസം ബാലികമാരുടെ പിതാവ് ഇബ്രാഹിം അല്‍ബക്‌രി ഓടിച്ച കാര്‍ അല്‍കുഥൈരി സ്ട്രീറ്റില്‍ വെച്ച് പ്രതി ഹുസൈന്‍ ഹര്‍ഹറ ഓടിച്ച കാറില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതനായ ഹുസൈന്‍ ഹര്‍ഹറ തോക്ക് പുറത്തെടുത്ത് ഇബ്രാഹിം അല്‍ബക്‌രിയുടെ കാറിനു നേരെ നിറയൊഴിക്കുകയും വെടിയേറ്റ് ഹനീന്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു.
വെടിവെപ്പിൽ സഹോദരി റാവിയക്ക് പരിക്കേറ്റു. കേസില്‍ അല്‍മന്‍സൂറ കോടതി പിന്നീട് പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പ്രതിക്ക് ബാലികമാരുടെ പിതാവ് മാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുള്ളവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.