ജിദ്ദ – ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മൂന്നു ഫലസ്തീനികളെ വിട്ടയച്ച് നിമിഷങ്ങള്‍ക്കം ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീനിലെ കമ്മീഷന്‍ ഓഫ് ഡീറ്റൈനീസ് പ്രസിഡന്റ് ഖദൂറ ഫാരിസ് പറഞ്ഞു. ജയിലില്‍ നിന്ന് വിട്ടയച്ച് ഇസ്രായിലി സൈനിക ജീപ്പില്‍ നിന്ന് പുറത്തിറക്കിയ ഉടനെയാണ് മൂവരെയും ഇസ്രായിലി സൈന്യം വെടിവെച്ചുകൊന്നത്. മൂവരും സംഭവസ്ഥലത്തു തന്നെ ചേതനയറ്റുവീണു. ശനിയാഴ്ച രാത്രിയാണ് ഇസ്രായിലി സൈന്യം കൊടുംക്രൂരകൃത്യം നടത്തിയത്. ഇസ്രായിലിന്റെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഖദൂറ ഫാരിസ് ആവശ്യപ്പെട്ടു.
ഗാസയിലെ ഫലസ്തീനികള്‍ ഉന്മൂലന യുദ്ധത്തിനും കുടിയൊഴിപ്പിക്കലിനും ഭയാനകമായ പട്ടിണിക്കും വിധേയരാകുന്നതായി ഫലസ്തീന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഭക്ഷണത്തിന്റെ അഭാവവും പോഷകാഹാരക്കുറവും മൂലമുള്ള മരണം ഗാസയില്‍ പടരുകയാണ്. വംശഹത്യയും കൂട്ടക്കൊലയും പട്ടിണിയും തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണം. വടക്കന്‍ ഗാസയെ വിജനമാക്കി മാറ്റാന്‍ ശ്രമിച്ചാണ് ഇസ്രായില്‍ വംശീയ ഉന്മൂലനം നടത്തുന്നത്. കൊളോണിയല്‍ ഇടനാഴികള്‍ വികസിപ്പിക്കാനും ഗാസയെ മൂന്നു മേഖലകളായി വിഭജിക്കാനും സ്ഥിരമായ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമുള്ള ഇസ്രായിലിന്റെ തീരുമാനത്തിലൂടെ ഗാസയിലെ ഇസ്രായിലി അധിനിവേശം ശാശ്വതമാക്കാനും ഫലസ്തീനികളുടെ സാന്നിധ്യം ഇല്ലാത്ത ഒരു പുതിയ മേഖല രൂപപ്പെടുത്താനുമാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നതെന്നും ഫലസ്തീന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
ഗാസയില്‍ ഇസ്രായില്‍ മൂന്നു കൂട്ടക്കൊലകള്‍ കൂടി നടത്തി. ആക്രമണങ്ങളില്‍ 51 പേര്‍ കൊല്ലപ്പെടുകയും 164 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,603 ആയും പരിക്കേറ്റവരുടെ എണ്ണം 1,02,929 ആയും ഉയര്‍ന്നിട്ടുണ്ടെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായിലി ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കു താഴെ ആയിരക്കണക്കിനാളുകള്‍ മരിച്ചുകിടക്കുന്നുണ്ട്. ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുന്നില്ല. ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 37 പേരും കൊല്ലപ്പെട്ടു. കാണാതായ ഏതാനും പേര്‍ക്കു വേണ്ടി ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തിരച്ചില്‍ നടത്തുന്നതായി ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.