ന്യൂഡൽഹി– ദീപാവലി, ഛഠ് ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 12,000-ത്തിലധികം പ്രത്യേക ട്രെയിൻ സർവിസുകൾ നടത്താൻ ഇന്ത്യൻ റെയിൽവേ. ബീഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, എം.പി ഡോ. സഞ്ജയ് ജയ്‌സ്വാൾ, കേന്ദ്രമന്ത്രി ലാലൻ സിംഗ്, എം.പി സഞ്ജയ് കുമാർ ഝാ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് വരാനിരിക്കുന്ന ദീപാവലി, ഛഠ് ഉത്സവങ്ങളോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽ ഭവനിൽ മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാർക്ക് മടക്കയാത്രയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ വേണ്ടത്ര ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി .
ഒക്ടോബർ 13 മുതൽ 26 വരെ യാത്ര ചെയ്യുന്നവർക്കും നവംബർ 17 മുതൽ ഡിസംബർ 1 വരെ മടക്കയാത്ര നടത്തുന്നവർക്കും റിട്ടേൺ ടിക്കറ്റുകളിൽ 20% ഇളവ് അനുവദിക്കും. ഉത്സവ കാലത്ത് നടപ്പിലാക്കുന്ന ഈ സംവിധാനങ്ങൾ ധാരാളം ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെ, ഗയയിൽ നിന്ന് ഡൽഹിയിലേക്കും, സഹർസയിൽ നിന്ന് അമൃത്സറിലേക്കും, ഛപ്രയിൽ നിന്ന് ഡൽഹിയിലേക്കും, മുസാഫർപൂരിൽ നിന്ന് ഹൈദരാബാദിലേക്കുമായി നാല് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ആരംഭിക്കും. ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളായ വൈശാലി, ഹാജിപൂർ, സോനിപൂർ, പാട്ന, രാജ്ഗിർ, ഗയ, കൊദെർമ എന്നിവ ഉൾപ്പെടുത്തി, മധ്യവർഗ കുടുംബങ്ങളെ പരിഗണിച്ചുകൊണ്ട് ഒരു പുതിയ സർക്യൂട്ട് ട്രെയിൻ ആരംഭിക്കും. കൂടുതൽ ട്രെയിൻ സാധ്യമാക്കും വിധം ബക്‌സർ-ലഖിസരായ് റെയിൽ സെക്ഷൻ നാല് വരി ഇടനാഴിയായി വികസിപ്പിക്കും. സുൽത്താൻഗഞ്ചും ദേവ്ഘറും റെയിൽ മാർഗം ബന്ധിപ്പിക്കും. പാട്നയ്ക്ക് ചുറ്റും ഒരു റിംഗ് റെയിൽവേ സംവിധാനമുണ്ടാക്കും. പാട്നയ്ക്കും അയോധ്യയ്ക്കും ഇടയിൽ ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കും. ബീഹാറിൽ പുതുതായി അംഗീകരിച്ച നിരവധി റോഡ് മേൽപ്പാലങ്ങളുടെ ജോലി ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.