ജിദ്ദ: രോഗാവധിയുമായി ബന്ധപ്പെട്ട് വ്യാജവും വസ്തുതാ വിരുദ്ധവുമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിക്ക് ലീവിന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനധികൃത രീതിയില്‍ ഇഷ്യു ചെയ്ത് നല്‍കുമെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ഇടപാടുകള്‍ നടത്തരുത്. ഇത് ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും.
സിഹതീ ആപ്പ് ആണ് രോഗാവധിക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നിയമാനുസൃത പ്ലാറ്റ്ഫോം. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത ഈ ആപ്പ് ഉറപ്പുവരുത്തും. ജീവനക്കാരും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം സിഹതീ ആപ്പ് എളുപ്പമാക്കുന്നു. ഡോക്ടര്‍മാര്‍ അര്‍ഹരായവര്‍ക്കു മാത്രമെ രോഗാവധി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ഇക്കാര്യത്തില്‍ തൊഴില്‍ നൈതികതയും മെഡിക്കല്‍ ഉത്തരവാദിത്തങ്ങളും ഡോക്ടര്‍മാര്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
രോഗാവധികൾ ഉചിതമായി തന്നെയാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ഉറപ്പുവരുത്താൻ രോഗാവധിക്ക് അർഹരായ ഗുണഭോക്താക്കളുടെ മെഡിക്കൽ റെക്കോഡുകളും രോഗാവധി വിവരങ്ങളും ശേഖരിക്കുകയും അത് ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.