മസ്‌കത്ത് – മസ്‌കത്തിനു സമീപം വാദി അല്‍കബീറില്‍ മസ്ജിദ് കോംപൗണ്ടിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും. പരിക്കേറ്റ 28 പേരിൽ ഒരാളും ഇന്ത്യക്കാരനാണ്. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായെന്ന് ഒമാൻ പോലീസ് ഔദ്യോഗികമായി അറിയിച്ചു. മൂന്നു അക്രമികളും അഞ്ചു സാധാരണക്കാരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരിൽ നാലു പേർ പോലീസുകാരാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണങ്ങള്‍ തുടരുകയാണ്. ആക്രമണം സംബന്ധിച്ച് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്ന് ഒമാൻ പോലീസ് ആവശ്യപ്പെട്ടു.
മരിച്ചവരിൽ ഇന്ത്യക്കാരൻ ഉണ്ടെന്ന വിവരം ഒമാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. മരിച്ചവയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഴുവൻ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചു.