ന്യൂദൽഹി- പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു. നൂറു വയസായിരുന്നു. ദൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴു പതിറ്റാണ്ടോളമായി ദൽഹി മലയാളികൾക്കിടയിൽ സജീവസാന്നിധ്യമായിരുന്നു. 1951-ൽ ആകാശവാണി ജീവനക്കാരനായാണ് ദൽഹിയിൽ എത്തിയത്. കേരള പ്രഭ, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.
1924 ൽ വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ ഓംചേരി, ആദ്യകാലത്ത് കവിതകളാണ് എഴുതിയിരുന്നത്. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ൽ ദൽഹി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ദൽഹിയിൽ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു.
അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻസിൽ അദ്ധ്യാപകനായിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തിൽ അഭിനയിച്ചത് എം.പിമാരായിരുന്ന കെ.സി.ജോർജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവരാണ്.
1963-ൽ എക്സിപിരിമെൻറൽ തീയറ്റർ രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 26 നാടകങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2011 നവംബർ 27ന് ദൽഹിയിൽ പ്രകാശിപ്പിച്ചു. എഴുത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും പുറമെ ദൽഹി ഭാരതീയ വിദ്യാഭവനിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് കോളേജിന്റെ പ്രിൻസിപ്പാൾ എന്നീ നിലകളിലും പ്രവർത്തിച്ചു.
പ്രളയം,തേവരുടെ ആന,കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു എന്നീ നോവലുകളും ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പു കടിക്കില്ല എന്നീ നാടകവും പ്രസിദ്ധീകരിച്ചു.