മസ്‌കത്ത് – മസ്‌കത്തിനു സമീപം വാദി അല്‍കബീറില്‍ അലി ബിന്‍ അബീത്വാലിബ് മസ്ജിദില്‍ വെടിവെപ്പ് നടത്തിയ അക്രമികളെ തിരിച്ചറിഞ്ഞതായി ഒമാന്‍ പോലീസ് അറിയിച്ചു. സഹോദരന്മാരായ മൂന്നു ഒമാനി യുവാക്കളാണ് ആക്രമണം നടത്തിയത്. സുരക്ഷാ സൈനികരെ ചെറുക്കാന്‍ വാശികാണിച്ചതിന്റെ ഫലമായി മൂവരും കൊല്ലപ്പെടുകയായിരുന്നു. ഭീകരവാദ, തീവ്രവാദ ആശയങ്ങള്‍ അക്രമികളെ സ്വാധീനിച്ചതായി അന്വേഷണങ്ങളില്‍ വ്യക്തമായതായും ഒമാന്‍ പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് വാദി അല്‍കബീറിലെ മസ്ജിദ് കോംപൗണ്ടില്‍ മൂന്നംഗ സംഘം വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ഇന്ത്യക്കാരനും നാലു പാക്കിസ്ഥാനികളും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ആയുധധാരികളും കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പില്‍ വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കൂട്ടത്തില്‍ നാലു പേര്‍ പോലീസുകാരും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഐ.എസിനു കീഴിലെ മൂന്നു ചാവേര്‍ പോരാളികളാണ് മസ്ജിദില്‍ വിശ്വാസികള്‍ക്കു നേരെ നിറയൊഴിച്ചതെന്നും തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ഇവര്‍ പോലീസുമായി ഏറ്റുമുട്ടിയതായും ഐ.എസ് പറഞ്ഞു.