വാഷിംഗ്ടണ്‍ – ഇറാനെതിരായ യു.എസ്, ഇസ്രായില്‍ യുദ്ധം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുകയും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ലോകത്തെ അഞ്ചിലൊന്ന് എണ്ണയും നീക്കം ചെയ്യപ്പെടുന്ന ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ അടക്കുകയും ചെയ്തതോടെ ആഗോള വിപണിയില്‍ എണ്ണ വില വലിയരീതിയിൽ കുതിച്ചുയരുന്നു. ഇത് ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന ഭീതി ഉയര്‍ത്തുന്നു. ആഗോള വിപണിയില്‍ ഇന്ന് എണ്ണവില ബാരലിന് 120 ഡോളറിനടുത്തെത്തി. ഏകദേശം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസ വര്‍ധനവാണിത്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും അന്താരാഷ്ട്ര എണ്ണ വിതരണത്തിലെ തടസ്സങ്ങളെ കുറിച്ചുള്ള ആശങ്കകളും എണ്ണ വില ഉയരാന്‍ ഇടയാക്കി.
ഏതാനും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകള്‍ വീണ്ടെടുക്കുന്നതിന്റെ ഫലമായി ആഗോള ഊര്‍ജ ആവശ്യകത വര്‍ധിച്ചതും, രാഷ്ട്രീയ പ്രതിസന്ധികളുടെയും ചില ഉല്‍പാദക രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെയും ഫലമായുണ്ടാകുന്ന വിതരണക്ഷാമത്തെ കുറിച്ചുള്ള ആശങ്കകളും എണ്ണ വില ഉയരാന്‍ ഇടയാക്കിയ ഘടകങ്ങളാണ്. ഇറാന്‍ യുദ്ധം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ എണ്ണ വില ബാരലിന് വില 180 ഡോളറിലെത്തുമെന്ന് സാമ്പത്തിക പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
എണ്ണ കപ്പലുകള്‍ ധൈര്യം കാണിക്കുകയും ഹുര്‍മുസ് കടലിടുക്ക് കടക്കാന്‍ മുന്നോട്ട് വരികയും ചെയ്യണമെന്ന്, ഇന്ധനവില ഉയരുന്നതിനോടുള്ള പ്രതികരണമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. ഭയപ്പെടാന്‍ ഒന്നുമില്ല. യു.എസ് സൈന്യം ഇറാന്റെ എല്ലാ കപ്പലുകളും മുക്കുകയും അവരുടെ മിക്ക മിസൈല്‍ ലോഞ്ചറുകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 20 ശതമാനം മിസൈല്‍ ലോഞ്ചറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്തതില്‍ താന്‍ സന്തുഷ്ടനല്ല.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഏകോപിപ്പിച്ചാണ് കൈക്കൊള്ളുക. താനും നെതന്യാഹുവും അധികാരത്തിലായിരുന്നില്ലെങ്കില്‍ ഇറാന്‍ ഇസ്രായിലിനെയും ചുറ്റുമുള്ള എല്ലാറ്റിനെയും നശിപ്പിക്കുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇസ്രായിലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തെ ഞങ്ങള്‍ നശിപ്പിച്ചു.
ഇത് തികച്ചും സംയുക്ത തീരുമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ശരിയായ സമയത്ത് ഞാന്‍ തീരുമാനം എടുക്കും. പക്ഷേ എല്ലാം പരിഗണിക്കും – ഇറാനുമായുള്ള യുദ്ധം എപ്പോള്‍ അവസാനിപ്പിക്കുമെന്ന് തനിച്ച് തീരുമാനിക്കുമോ അതല്ല, നെതന്യാഹുവിന് അതില്‍ പങ്കുണ്ടാകുമോ എന്ന് ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.



