ജിദ്ദ – സ്വന്തം ഭൂമിയില്‍ തുടരാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം മുറുകെ പിടിച്ച് ഗാസയുടെ പുനര്‍നിര്‍മാണത്തിന് കയ്‌റോയില്‍ ചേര്‍ന്ന ഫലസ്തീന്‍ ഉച്ചകോടി അംഗീകരിച്ച അറബ് പദ്ധതിക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ-ഓപ്പറേഷന്‍(ഒ.ഐ.സി) അംഗീകാരം നൽകി. ഒ.ഐ.സി മന്ത്രിതല യോഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. കയ്റോ ഉച്ചകോടിയുടെ എല്ലാ തീരുമാനങ്ങളും ഒ.ഐ.സി മന്ത്രിതല യോഗം അംഗീകരിച്ചതിനാല്‍ ഗാസ പുനര്‍നിര്‍മാണ പദ്ധതി അറബ്, ഇസ്‌ലാമിക് പദ്ധതിയായി മാറിയതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദ്ര്‍ അബ്ദുല്‍ആത്തി പറഞ്ഞു. യൂറോപ്യന്‍ യൂനിയന്റെയും ജപ്പാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും അംഗീകാരം നേടിയെടുക്കാന്‍ ശ്രമിച്ച് അന്താരാഷ്ട്ര തലത്തില്‍ പദ്ധതിക്കുള്ള പിന്തുണ സമാഹരിക്കാന്‍ അടുത്ത ഘട്ടത്തില്‍ ശ്രമം നടത്തും.
അമേരിക്ക അടക്കം അന്താരാഷ്ട്ര കക്ഷികളുമായി ഇക്കാര്യത്തില്‍ ആശയവിനിമയങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാസ പുനര്‍നിര്‍മാണ പദ്ധതി, അതിന്റെ ഘട്ടങ്ങള്‍, സമയക്രമങ്ങള്‍, സാമ്പത്തിക ചെലവുകള്‍ എന്നിവയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായി ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. പദ്ധതിയില്‍ അടങ്ങിയ ആകര്‍ഷകമായ ഘടകങ്ങളെ കുറിച്ചും അതിന് പിന്നിലെ നല്ല ഉദ്ദേശ്യങ്ങളെ കുറിച്ചും വിറ്റ്‌കോവ് സംസാരിച്ചു. അമേരിക്ക ബദല്‍ പദ്ധതി ആവശ്യപ്പെട്ടു. അറബ് ഉച്ചകോടി അംഗീകരിച്ച പദ്ധതി ഞങ്ങള്‍ അമേരിക്കക്കു മുന്നില്‍ സമര്‍പ്പിച്ചു. പ്രാവര്‍ത്തികപഥത്തില്‍ നടപ്പാക്കാനായി പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു.

ജിദ്ദയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണത്തെ കുറിച്ചും അവരുടെ ഭൂമി പിടിച്ചെടുക്കാനും ഫലസ്തീനികളെ കുടിയിറക്കാനുമുള്ള പദ്ധതികളെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ഒ.ഐ.സിയില്‍ സിറിയയുടെ അംഗത്വം പുനരാരംഭിക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തു.
ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള സംയോജിത രാഷ്ട്രീയ, സാമ്പത്തിക ശ്രമങ്ങളുടെ ഭാഗമായി ഗാസ പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ സാമ്പത്തിക, രാഷ്ട്രീയ പിന്തുണ എല്ലാവരും സമാഹരിക്കണമെന്ന് ആവശ്യപ്പെടുന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാടാണ് അറബ് പദ്ധതിയെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ താഹ പറഞ്ഞു. ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം ഇല്ലാതാക്കാനുള്ള ഇസ്രായിലി നടപടികളുടെയും ശ്രമങ്ങളുടെയും അപകടത്തെ കുറിച്ച് ഒ.ഐ.സി സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെയും ഫലസ്തീനിലെയും ദശലക്ഷക്കണക്കിന് ആളുകളെ സേവിക്കുന്നതില്‍ യു.എന്‍ റിലീഫ് ഏജന്‍സിയുടെ നിര്‍ണായക പങ്ക് തള്ളിക്കളയാനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ല. യു.എന്‍ റിലീഫ് ഏജന്‍സിക്കുള്ള രാഷ്ട്രീയ, സാമ്പത്തിക, നിയമ പിന്തുണ വര്‍ധിപ്പിക്കണം.
ഇസ്രായിലിന്റെ തുടര്‍ച്ചയായ അധിനിവേശം, കുടിയേറ്റം, ദൈനംദിന കുറ്റകൃത്യങ്ങള്‍, ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനും അവരുടെ ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതികള്‍, അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ ഘടനകളില്‍ മാറ്റംവരുത്തല്‍, വിശുദ്ധ ജറൂസലമിനെ ജൂതവല്‍ക്കരിക്കാനും പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കാനുമുള്ള ശ്രമങ്ങള്‍, ഉപരോധം, പട്ടിണി, അറസ്റ്റ്, നഗരങ്ങള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും നേരെയുള്ള ആക്രമണം, അടിസ്ഥാന സൗകര്യങ്ങളും വീടുകളും തകര്‍ക്കല്‍ എന്നിവയുടെ ഫലമായി ഫലസ്തീന്‍ ജനത നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലാണ് യോഗം നടക്കുന്നത്.
സുസ്ഥിരമായ വെടിനിര്‍ത്തല്‍ കൈവരിക്കാനും ഇസ്രായില്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കാനും മാനുഷിക സഹായങ്ങള്‍ എത്തിക്കാനും കുടിയിറക്കപ്പെട്ടവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സഹായിക്കാനും അടിയന്തിര ദുരിതാശ്വാസം, സാമ്പത്തിക വീണ്ടെടുക്കല്‍, പുനര്‍നിര്‍മാണ പരിപാടികള്‍ എന്നിവ നടപ്പാക്കാനും ഫലസ്തീനികള്‍ക്ക് അന്താരാഷ്ട്ര സംരക്ഷണം നല്‍കാനും പലസ്തീന്‍ ഗവണ്‍മെന്റിന് അതിന്റെ കടമകള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നതിനും ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവയുള്‍പ്പെടെയുള്ള അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഐക്യം സംരക്ഷിക്കാനും ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ആഹ്വാനം ചെയ്തു.