തെഹ്‌റാന്‍ – സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആകെ 3,117 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഫൗണ്ടേഷന്‍ ഫോര്‍ വെറ്ററന്‍സ് ആന്റ് മാര്‍ട്ടേഴ്സിനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് അക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നു. സുരക്ഷാ സേനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ 2,427 പേരെ, നിരപരാധികളായ ഇരകളായതിനാല്‍ ഇസ്‌ലാമിക ആശയത്തില്‍ രക്തസാക്ഷികള്‍ ആയി കണക്കാക്കുന്നതായി ഫൗണ്ടേഷന്റെ പ്രസ്താവന ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷന്‍ പറഞ്ഞു.
ഇറാന്‍ നിയമ നിര്‍വ്വഹണ സേന കമാന്‍ഡറായ അഹ്‌മദ് രിസ റദാന്‍ പ്രതിഷേധക്കാര്‍ക്ക് രണ്ട് ദിവസം മുമ്പ് അന്ത്യശാസനം നല്‍കി. മനഃപൂര്‍വ്വമല്ലാതെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത യുവാക്കള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ കീഴടങ്ങാമെന്നും അവരെ സൗമ്യമായി കൈകാര്യം ചെയ്യുമെന്നും ഇങ്ങിനെ കീഴടങ്ങാത്തവരെ ശത്രു സൈനികരായി കണക്കാക്കുമെന്നും അഹ്‌മദ് രിസ റദാന്‍ പറഞ്ഞു.
വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ജീവിത സാഹചര്യങ്ങള്‍ക്കെതിരെ ഡിസംബര്‍ 28 മുതല്‍ ഇറാനില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇത് പിന്നീട് നിലവിലുള്ള ഭരണകൂടത്തിനെതിരായ രാഷ്ട്രീയ പ്രകടനങ്ങളായി മാറി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഇസ്രായിലും അമേരിക്കയും ഇടപെടുന്നതായി ഇറാന്‍ അധികൃതര്‍ ആരോപിക്കുകയും ഭീകരര്‍ പ്രതിഷേധക്കാരുടെ കൂട്ടത്തിലേക്ക് നുഴഞ്ഞുകയറിയതായും മരണസംഖ്യ വര്‍ധിപ്പിക്കാന്‍ ഭീകരര്‍ വെടിവെപ്പ് നടത്തിയതായും വാദിക്കുകയും ചെയ്തു. മരണസംഖ്യയെ കുറിച്ചുള്ള വ്യത്യസ്ത കണക്കുകള്‍ പുറത്തുവന്നിരുന്നു. നൂറുകണക്കിന് ആളുകള്‍ മരിച്ചതായി വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. 500 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 5,000 പേര്‍ കൊല്ലപ്പെട്ടതായി മറ്റൊരു ഇറാന്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന കുറഞ്ഞത് 3,428 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായും യഥാര്‍ഥ മരണസംഖ്യ 20,000 കവിഞ്ഞിരിക്കാമെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



