ജിദ്ദ – വിദേശങ്ങളില്‍ വെച്ച് സൗദി അറേബ്യക്ക് എതിരെ പ്രവർത്തിച്ച വിമതര്‍ക്ക് മാപ്പ് നല്‍കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചതായി ദേശീയ സുരക്ഷാ ഏജന്‍സി തലവന്‍ അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി അറിയിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ട മേഖലയില്‍ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളിലേക്ക് വെളിച്ചംവീശുന്ന എം.ബി.സി ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, ആരെയെങ്കിലും ആക്രമിക്കല്‍ പോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്താത്ത, വിദേശങ്ങളിലുള്ള സൗദി വിമതരെ രാജ്യം സ്വാഗതം ചെയ്യും. ഇവര്‍ക്കെതിരെ ഒരുവിധ ശിക്ഷാ നടപടികളും സ്വീകരിക്കില്ല. സൗദിയില്‍ ദേശവിരുദ്ധ, ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വദേശികളില്‍ 20 ശതമാനത്തോളം പേരെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
വിദേശങ്ങളിലുള്ള വിമതര്‍ രാജ്യത്തേക്ക് തിരിച്ചുവരണം. ഇക്കാര്യത്തിലുള്ള ആശയവിനിമയങ്ങള്‍ക്ക് 990 എന്ന നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എവിടെയാണെന്ന കാര്യം അറിയിക്കാനും സ്വദേശത്തേക്കുള്ള മടക്കത്തിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും വിമതര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. അതല്ലെങ്കില്‍ സ്വദേശത്തേക്കുള്ള മടക്കം എളുപ്പമാക്കാന്‍ ഇവർക്ക് ബന്ധുക്കളുമായോ വിദേശങ്ങളിലെ സൗദി എംബസികളുമായോ ബന്ധപ്പെടണം. ഇങ്ങിനെ സ്വദേശത്തേക്ക് തിരിച്ചുവരുന്ന ആരുടെയും പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തില്ലെന്നും അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി പറഞ്ഞു.
വ്യാപാരം, രാഷട്രീയം, ചൂഷണം എന്നിവ ഉള്‍പ്പെടുന്ന തീവ്രവാദ വ്യവസായത്തെ നശിപ്പിക്കുന്നതില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇസ്ലാമിനും രാജ്യത്തിനും മിതത്വ രീതികള്‍ക്കും അപകീര്‍ത്തിയുണ്ടാക്കിയ തീവ്രവാദികള്‍ക്ക് പൊതുഫണ്ടുകളും സംഭാവനകളും പിടിച്ചെടുക്കാനും സാധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ തലങ്ങളില്‍ വ്യക്തമായ മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. മുമ്പ് നിക്ഷേപങ്ങള്‍ നടത്താത്ത മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കിരീടാവകാശി നേതൃത്വം നല്‍കുന്നുണ്ടെന്നും ദേശീയ സുരക്ഷാ ഏജന്‍സി തലവന്‍ പറഞ്ഞു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ 2017 ഒരു വഴിത്തിരിവായിരുന്നെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. ഇസ്‌ലാമിനെയും തീവ്രവാദത്തെയും ഭീകരവാദത്തെയും കിരീടാവകാശി വേര്‍തിരിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. തീവ്രവാദത്തെ വിമര്‍ശിക്കുന്നത് മതവിമര്‍ശമനമായി കരുതി മനഃപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിച്ചതിനാല്‍ നേരത്തെ തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ മാധ്യമങ്ങള്‍ ഭയപ്പെട്ടിരുന്നു.
തീവ്രവാദത്തെയും ഭീകരവാദത്തെയും നിര്‍ണായകമായി നേരിടാനും പിഴുതെറിയാനുമുള്ള വ്യക്തമായ നിശ്ചയദാര്‍ഢ്യം രാജ്യം പ്രകടിപ്പിച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശങ്ങളില്‍ നിന്നാണ് ഈ കരുത്ത് രാജ്യത്തിന് ലഭിച്ചത്. തീവ്രവാദ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യം സമയം പാഴാക്കില്ലെന്നും അവയെ ഉടനടി നശിപ്പിക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി. 2017 ല്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ കിരീടാവകാശി നടത്തിയ ഈ പ്രസ്താവന തീവ്രവാദം ഇല്ലാതാക്കാനുള്ള പാത നിര്‍ണയിച്ചു. മുപ്പതു വര്‍ഷം നീണ്ട തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു കിരീടാവകാശിയുടെ വാക്കുകള്‍ എന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസാരി പറഞ്ഞു.
മാധ്യമങ്ങള്‍ നിരന്തരം തീവ്രവാദത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നു. എങ്കിലും തീവ്രവാദം ശക്തമായ വര്‍ഷങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. തീവ്രവാദ വിമര്‍ശനം മതത്തിനെതിരായ വിമര്‍ശനമാണെന്ന നിലക്ക് വിലയിരുത്തപ്പെട്ടു. കിരീടാവകാശിയുടെ വാക്കുകള്‍ ഇസ്‌ലാം മതത്തിനും തീവ്രവാദത്തിനും ഇടയിലെ വേര്‍തിരിക്കലായിരുന്നു. ഇത് തീവ്രവാദത്തെയും തീവ്രവാദികളെയും വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇന്ധനമായെന്നും മീഡിയ മന്ത്രി പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥനായ ഹാദി അല്‍ഖഹ്താനിയുടെ വധത്തെ കുറിച്ച ഓര്‍മകള്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പങ്കുവെച്ചു.
വ്യക്തിപരമായി തനിക്ക് വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഇത്. തീവ്രവാദത്തെയും, പ്രത്യേകിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെയും നേരിടാന്‍ നടത്തിയ വലിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നത്. രാജ്യത്ത് കുറ്റകൃത്യം ചെയ്യുന്ന ആരെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള സുരക്ഷാ സേനയുടെ കഴിവില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അവ തടയാന്‍ സുരക്ഷാ വകുപ്പുകള്‍ നിലവില്‍ ശ്രമിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു.
ജിദ്ദയിലെ മസ്ജിദില്‍ ഭീകരന്റെ കുത്തേറ്റാണ് സുരക്ഷാ സൈനികര്‍ ഹാദി അല്‍ഖഹ്താനി രക്തസാക്ഷിത്വം വരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന പറഞ്ഞു. തുടര്‍ന്ന് കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് ആഭ്യന്തര മന്ത്രി ആറു മണിക്കൂര്‍ സമയം നല്‍കി. ആ സമയത്ത് കുറ്റവാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന തുമ്പുകളൊന്നും ഉണ്ടായിരുന്നില്ല. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വിദഗ്ധരായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരുവിലെയും പെട്രോള്‍ ബങ്കിലെയും നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. റിയാദിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത അടക്കം ആക്രമണത്തിനു ശേഷം കുറ്റവാളി രക്ഷപ്പെടാന്‍ സാധ്യതയുള്ള വ്യത്യസ്ത ദിശകളെ കുറിച്ച അനുമാനങ്ങള്‍ കണക്കിലെടുത്തു. ഇതിലൂടെ സുരക്ഷാ സേനയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. അക്രമിയുടെ കാര്‍ റിയാദ് ലക്ഷ്യമാക്കി നീങ്ങുന്നതായി വൈകാതെ തിരിച്ചറിഞ്ഞു. റിയാദ്, മക്ക പ്രവിശ്യ പോലീസുകള്‍ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിലൂടെ അക്രമിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മുഹമ്മദ് അല്‍മുഹന്ന പറഞ്ഞു.