ന്യൂഡൽഹി: പഞ്ചാബിലെ മെഡിക്കൽ കോളെജുകളിലെ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവാസി ഇന്ത്യക്കാരുടെ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തിയ പഞ്ചാബ് സർക്കാറിന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. ഇത് തട്ടിപ്പാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു. പ്രവാസി ഇന്ത്യക്കാരുടെ (എൻ.ആർ.ഐ) ബന്ധുക്കൾക്ക് കൂടി പ്രവേശന യോഗ്യത നൽകുന്ന രീതിയിൽ എൻ.ആർ.ഐ ക്വാട്ടയുടെ നിർവചനം പഞ്ചാബ് സർക്കാർ പരിഷ്കരിച്ചത് നേരത്തെ ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനം സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ അടുത്ത ബന്ധുക്കളെ കൂടി ഉൾപ്പെടുത്തുക എന്നത് പണം വാരാനുള്ള തന്ത്രമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എൻആർഐ ക്വാട്ടയുടെ പുതുക്കിയ നിർവചനം പ്രകാരം പ്രവാസി ഇന്ത്യക്കാരുടെ അകന്ന ബന്ധുക്കൾക്കു പോലും ഈ ക്വാട്ടയിൽ പ്രവേശനം ലഭിക്കും. ഇത്തരം ക്വാട്ട വ്യവസായം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്കു പോലും പ്രവേശനം ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആഗസ്ത് 20ന് സർക്കാർ കൊണ്ടുവന്ന വിജ്ഞാപനം, സെപ്തംബർ 11ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയെങ്കിലും അത് പുനസ്ഥാപിക്കുന്നതിനായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കാര്യങ്ങൾ തിരിച്ചടിച്ചത്.