മുംബൈ: വ്യാജ രേഖകളും തെറ്റായ വിവരങ്ങളും നൽകി ഐ.എ.എസ് നിയമനം നേടിയ യുവതിക്ക് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തൽ. ട്രെയിനി ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കറിനാണ് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് തെളിഞ്ഞത്. “2023 വർഷത്തെ കണക്കനുസരിച്ചത് ഇവർക്ക് മഹാരാഷ്ട്രയിലുടനീളം അഞ്ച് പ്ലോട്ടുകളും രണ്ട് അപ്പാർട്ട്‌മെൻ്റുകളും സ്വന്തമായുണ്ട്. ഇവരുടെ ആസ്തികളുടെ ആകെ മൂല്യം 22 കോടി രൂപയാണ്.
പൂനെ ജില്ലയിലെ മഹലുംഗിൽ ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥലങ്ങളും, ധദാവാലിയിൽ 4 കോടി രൂപയുടെ സ്വത്തും, അഹമ്മദ്‌നഗറിലെ പച്ചുണ്ടെ, നന്ദൂർ എന്നിവിടങ്ങളിൽ യഥാക്രമം 25 ലക്ഷം രൂപയും 1 കോടി രൂപയും വിലമതിക്കുന്ന രണ്ട് സ്ഥലങ്ങളുടെയും ഉടമയാണ് ഇവർ. പാച്ചുണ്ടെയിലെയും നന്ദൂരിലെയും പ്ലോട്ടുകൾ അമ്മയുടെ സമ്മാനമായിരുന്നു. മൊത്തത്തിൽ 22 ഏക്കറിലധികം ഭൂമിയുണ്ട്.
അഹമ്മദ് നഗറിലും പൂനെയിലും രണ്ട് അപ്പാർട്ടുമെൻ്റുകളുണ്ട്. അഹമ്മദ്‌നഗറിലെ സവേദിയിലെ 984 ചതുരശ്ര അടി ഫ്‌ളാറ്റിന് 45 ലക്ഷം രൂപയും പൂനെയിലെ കോണ്ട്വയിലെ 724 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെൻ്റിന് 75 ലക്ഷം രൂപയുമാണ് വില.
എല്ലാ സ്വത്തുക്കളും 2014 നും 2019 നും ഇടയിൽ സമ്പാദിച്ചതാണ്. കൂടാതെ പൂജ ഖേദ്കർ പ്രതിവർഷം 42 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. പൂനെയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭാർ പറയുന്നതനുസരിച്ച്, ഇവരുടെ പിതാവിന് 40 കോടി രൂപയുടെ ആസ്തിയുണ്ട്.
യു.പി.എസ്.സി നിയമനം നേടുന്നതിനായി പൂജ ഖേദ്കർ ഒ.ബി.സി നോൺ- ക്രീമിലെയർ വിഭാഗത്തിലെ സർട്ടിഫിക്കറ്റുകളാണ് സമർപ്പിച്ചത്. മഹാരാഷ്ട്രയിൽ, ഒ.ബി.സി നോൺ-ക്രീമിലെയർ വിഭാഗത്തിൽ യോഗ്യത നേടുന്നതിന്, അപേക്ഷകൻ്റെ മാതാപിതാക്കളുടെ വാർഷിക വരുമാനമോ കുടുംബത്തിൻ്റെ വാർഷിക വരുമാനമോ 8 ലക്ഷം രൂപയിൽ കൂടരുത് എന്നാണ് ചട്ടം.
അഖിലേന്ത്യാതലത്തിൽ 841-ാം റാങ്കുള്ള പൂജ ഖേദ്കർ ഇതിന് പുറമെ കാഴ്ച- മാനസിക വൈകല്യത്തിനും അവകാശവാദമുന്നയിച്ചു. അതേസമയം ഇക്കാര്യം തെളിയിക്കുന്നതിനുള്ള പരിശോധനയിൽ പങ്കെടുക്കാൻ തയ്യാറായതുമില്ല. വിവാദം ഉയർന്ന സഹചര്യത്തിൽ ഇവർ ഉന്നയിച്ച ക്ലെയിമുകൾ പരിശോധിക്കാൻ കേന്ദ്രം ഒരു ഏകാംഗ പാനലിന് രൂപം നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും.
നിലവിൽ 24 മാസത്തെ പ്രൊബേഷനിൽ കഴിയുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ “അധികാര ദുർവിനിയോഗം” ആരോപണം നേരിടുന്നു. തൻ്റെ സ്വകാര്യ വാഹനമായ ഔഡി സെഡാനിൽ ചുവപ്പ്-നീല ബീക്കൺ, വിഐപി നമ്പർ പ്ലേറ്റുകൾ, “മഹാരാഷ്ട്ര സർക്കാർ” എന്ന സ്റ്റിക്കർ എന്നിവ പതിച്ചുവെന്നാണ് ആരോപണം.
എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ പൂജ തയ്യാറായില്ല. വിഷയത്തിൽ ഒന്നും സംസാരിക്കാൻ നിയമപരമായി അനുവാദമില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.