തിരുവനന്തപുരം- പി.വി അൻവർ എം.എൽ.എ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി പരിശോധിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ഒരു മാസത്തിനകം പുറത്തുവരുമെന്നും അതുമായി ബന്ധപ്പെട്ട് പാർട്ടി വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പോലീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് അൻവർ ഉയർത്തിയ ആരോപണം അന്വേഷിക്കുന്നത്. പ്രാഥമികമായി സുജിത് ദാസിനെ സംസ്ഥാന സർക്കാർ സസ്പെന്റ് ചെയ്യുകയും ചെയ്തു. മികച്ച സംഘമാണ് അന്വേഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ അൻവർ എം.എൽ.എ പരാതി നൽകിയിട്ടില്ല. അൻവർ എഴുതി നൽകിയ പരാതിയിൽ ശശിയെ പറ്റി പറഞ്ഞിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കേണ്ട കാര്യവുമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്ന് വെറുതെ പറഞ്ഞാൽ അന്വേഷിക്കാനാകില്ല. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്വം നിർവഹിക്കുന്നില്ല എന്ന നിലപാട് പാർട്ടിക്കില്ല.
പാർട്ടി കേഡർമാർക്കെതിരെ ആര് പരാതി ഉന്നയിച്ചാലും പരിശോധിക്കും. മാധ്യമങ്ങളുടെ രാഷ്ട്രീയമാണ് സംസ്ഥാനത്ത് കാണുന്നത്. അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഇങ്ങിനെയാണോ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് എന്ന് ചോദിച്ചാൽ, ഇങ്ങിനെയല്ല എന്നാണ് ഉത്തരം. സംഘടനാപരമായ മുഴുവൻ കാര്യങ്ങളും അൻവറിനെ പഠിപ്പിക്കാനാകില്ല. മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിൽ മാത്രമല്ല, കേരളത്തിലുടനീളം നിയന്ത്രണമുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അൻവറിന്റെ വെളിപ്പെടുത്തലിൽ സമരം നടത്തേണ്ട പ്രതിപക്ഷത്തിന്റെ ഗതികേട് ഓർത്തുപോകുകയാണ്. ഓലപ്പാമ്പ് കാണിച്ച് സി.പി.എമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടതില്ല.
അൻവർ ഉന്നയിച്ച കാര്യങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരായ നീക്കമാണ് കോൺഗ്രസും ഒരുവിഭാഗം മാധ്യമങ്ങളും നടത്തുന്നത്. അൻവറിന്റെ പരാതിയെ കുറിച്ച് പറയുന്ന മാധ്യമങ്ങൾ കുറച്ചുകാലം മുമ്പു വരെ അൻവറിനെ പറ്റി പറഞ്ഞത് എന്തായിരുന്നു. അൻവറിനെ പിന്തിരിപ്പനായ സാമൂഹ്യദ്രോഹി എന്ന നിലക്കായിരുന്നു കണ്ടിരുന്നത്.
അത്തരത്തിൽ ചിത്രീകരിച്ച മാധ്യമങ്ങൾ ഇപ്പോൾ അൻവറിന് പ്രാധാന്യം നൽകുന്നത് ഇടതുവിരുദ്ധതയുടെ ഭാഗമായാണ്. ഇപ്പോൾ അൻവറിനെ പിന്തുണക്കുന്നതും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിലാണ്. അങ്ങേയറ്റത്തെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കാൻ വേണ്ടിയാണ് അൻവറിനെ ഉപയോഗിക്കുന്നത്. സർക്കാറിനെയും ഇടതുരാഷ്ട്രീയത്തെയും ആക്രമിക്കാനുള്ള സാധ്യതയാണ് മാധ്യമങ്ങൾ അന്വേഷിക്കുന്നത്.
സി.പി.എം സമ്മേളനങ്ങളെ പറ്റി വ്യാജപ്രചാരണമാണ് മാധ്യമങ്ങൾ നടത്തുന്നത്. രാഷ്ട്രീയ ലേഖകൻ എന്ന പേരിൽ എന്ത് തോന്നിവാസവും എഴുതിക്കൂട്ടുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്. ശക്തമായ രീതിയിൽ പൊരുതിയാണ് സി.പി.എം നാട്ടിൽ പ്രവർത്തിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കാൻ കാരണം കോൺഗ്രസാണ്. കോൺഗ്രസിന് തൃശൂർ മണ്ഡലത്തിൽ വോട്ടുകൾ കുറയുകയാണ് ചെയ്തത്. തൃശൂരിൽ എ.ഡി.ജി.പി ഡീലുണ്ടാക്കി എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് വി.ഡി സതീശനും കോൺഗ്രസും ചെയ്യുന്നത്. എന്നിട്ട് ഉളുപ്പില്ലാതെ ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി ചർച്ച നടത്തിയെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണ്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കാണുന്നതും കാണാതിരിക്കുന്നത് സി.പി.എമ്മിനെ സംബന്ധിച്ച് ഒരു പ്രശ്നമേയില്ല. അവിടെ ഉന്നയിക്കപ്പെടുന്ന പ്രശ്നം, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് വേണ്ടി ഡീലുണ്ടാക്കുന്നു എന്നത് അസംബന്ധമാണ്. ആർ.എസ്.എസുമായി ഡീലുണ്ടാക്കണമെങ്കിൽ മോഹൻ ഭാഗവതുമായി നേരിട്ട് ഉണ്ടാക്കിക്കൂടേ. ഇടനിലക്ക് ആളുവേണോ. ആർ.എസ്.എസിനോട് കൃത്യമായ പോരാട്ടം നടത്തുന്ന പാർട്ടിയാണ് സി.പി.എം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം പ്രഹസനമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.