കുവൈത്ത് സിറ്റി – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവിയില്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയുടെ കാലാവധി മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. കുവൈത്തില്‍ ചേര്‍ന്ന 45-ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കളാണ് ജാസിം അല്‍ബുദൈവിയുടെ കാലാവധി 2026 ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചത്. ജാസിം അല്‍ബുദൈവി നടത്തുന്ന വലിയ ശ്രമങ്ങളും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണം ശക്തിപ്പെടുത്താന്‍ അദ്ദേഹം നല്‍കുന്ന ഫലപ്രദമായ സംഭാവനകളും പരിഗണിച്ചാണ് സെക്രട്ടറി ജനറല്‍ പദവിയില്‍ കാലാവധി നീട്ടിക്കൊടുത്തതെന്ന് ജി.സി.സി ഉച്ചകോടി പ്രഖ്യാപനം പറഞ്ഞു.
നായിഫ് അല്‍ഹജ്‌റഫിന്റെ പിന്‍ഗാമിയായി 2023 ഫെബ്രുവരി ഒന്നിനാണ് ജാസിം അല്‍ബുദൈവി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി പദവി ഏറ്റെടുത്തത്. അതിനു മുമ്പ് അമേരിക്കയില്‍ കുവൈത്ത് അംബാസഡറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 1968 ഫെബ്രുവരി 22 ന് ജനിച്ച ജാസിം അല്‍ബുദൈവി 1993 ല്‍ ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ ഡിപ്ലോമയും 1991 ല്‍ അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയില്‍ നിന്ന് മീഡിയയില്‍ ബാച്ചിലേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
2022-2023 കാലയളവില്‍ അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍, 2017-2022 കാലയളവില്‍ ലക്‌സംബര്‍ഗിലെ നോണ്‍ റസിഡന്റ് അംബാസഡര്‍, 2017-2022 കാലയളവില്‍ യൂറോപ്യന്‍ യൂണിയനിലെ കുവൈറ്റ് മിഷന്‍ തലവന്‍, 2016-2022 കാലയളവില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിലേക്കുള്ള (നാറ്റോ) കുവൈറ്റ് മിഷന്‍ തലവന്‍, 2016-2022 കാലയളവില്‍ ബെല്‍ജിയത്തിലെ കുവൈത്ത് അംബാസഡര്‍, 2013-2016 കാലയളവില്‍ കൊറിയയിലെ കുവൈത്ത് അംബാസഡര്‍ അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. 1992 ല്‍ കുവൈറ്റ് ഉപപ്രധാനമന്ത്രിയുടെയും വിദേശ മന്ത്രിയുടെയും ഓഫീസില്‍ നയതന്ത്ര അറ്റാഷെ റാങ്കോടെ വിദേശ മന്ത്രാലയത്തില്‍ ചേര്‍ന്നാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.
1981 മെയ് 25 ന് സ്ഥാപിതമായ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഏഴാമത്തെ സെക്രട്ടറി ജനറലാണ് ജാസിം അല്‍ബുദൈവി. കുവൈത്തില്‍ നിന്നുള്ള അബ്ദുല്ല യഅ്ഖൂബ് ബിശാറ ആണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ആദ്യ സെക്രട്ടറി ജനറല്‍. 1981 മെയ് 26 മുതല്‍ 1993 ഏപ്രില്‍ വരെയുള്ള ഏകദേശം 11 വര്‍ഷത്തോളം ഇദ്ദേഹം സെക്രട്ടറി ജനറല്‍ പദവി വഹിച്ചു. യു.എ.ഇയില്‍ നിന്നുള്ള ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി (1993 ഏപ്രില്‍-1996 ഏപ്രില്‍), സൗദിയില്‍ നിന്നുള്ള ജമീല്‍ ഇബ്രാഹിം അല്‍ഹുജൈലാന്‍ (1996 ഏപ്രില്‍ മുതല്‍ 2002 മാര്‍ച്ച് 31 വരെ), ഖത്തറില്‍ നിന്നുള്ള അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ (2002 ഏപ്രില്‍ 1-2011 മാര്‍ച്ച് 31), ബഹ്‌റൈനില്‍ നിന്നുള്ള അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍സയ്യാനി (2011 ഏപ്രില്‍ 1-2020 ഫെബ്രുവരി 1), കുവൈത്തില്‍ നിന്നുള്ള നായിഫ് അല്‍ഹജ്‌റഫ് (2020 ഫെബ്രുവരി 1 മുതല്‍ 2023 ഫെബ്രുവരി 1 വരെ) എന്നിവരാണ് പിന്നീട് ജി.സി.സി സെക്രട്ടറി ജനറല്‍ പദവി വഹിച്ചത്.