റിയാദ് – സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി പത്തു സ്വകാര്യ കോളേജുകള്‍ സ്ഥാപിക്കാന്‍ സൗദി മന്ത്രിസഭയുടെ അനുമതി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് പത്തു സ്വകാര്യ കോളേജുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിയത്.
അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായിലിന്റെ നിയമവിരുദ്ധ സാന്നിധ്യം ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കണമെന്നും അറബ് സമാധാന പദ്ധതിക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരത്തില്‍ എത്തിച്ചേരാന്‍ പ്രായോഗികവും വിശ്വാസയോഗ്യവുമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചതിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.
മേഖലാ, അന്തര്‍ദേശീയ സുരക്ഷയും സമാധാനവും വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നു. മേഖലയിലെയും ലോകത്തെയും പ്രതിസന്ധികള്‍ക്ക് രാഷ്ട്രീയ പരിഹാരങ്ങളില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ബഹുമുഖ സഹകരണം ഏകീകരിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സൗദി അറേബ്യ സംഭാവന നല്‍കുന്നു.
ഭാവിയിലേക്കുള്ള ഉടമ്പടി (പാക്ട് ഫോര്‍ ദി ഫ്യൂച്ചര്‍) യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത് ബഹുമുഖ പ്രവര്‍ത്തനത്തിലെ ഗുണപരമായ കുതിച്ചുചാട്ടമാണ്. നീതിപൂര്‍വകവും നീതിയുക്തവുമായ ഒരു സമകാലിക അന്തര്‍ദേശീയ സംവിധാനത്തിന്റെ അടിത്തറ പാകാന്‍ ഇത് സഹായിക്കും. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കല്‍ ഉത്തേജിപ്പിക്കുമെന്നും എല്ലാ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഡിജിറ്റല്‍ വിടവ് നികത്തല്‍ പ്രോത്സാഹിപ്പിക്കുമെന്നും വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ പിന്തുണക്കുമെന്നും മന്ത്രിസഭ പറഞ്ഞു.