ജിദ്ദ – ലോകത്തെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക ഉല്‍പാദകര്‍ എന്ന നിലക്കുള്ള സ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന തരത്തിൽ സൗദിയിൽ കിഴക്കന്‍ പ്രവിശ്യയിലും റുബ്ഉല്‍ഖാലി മരുഭൂമിയിലുമായി പതിനാലിടങ്ങളില്‍ പുതിയ എണ്ണ, പ്രകൃതി വാതക ശേഖരങ്ങള്‍ സൗദി അറാംകൊ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അബദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ആറു എണ്ണപ്പാടങ്ങളും രണ്ടു എണ്ണശേഖരങ്ങളും രണ്ടു പ്രകൃതി വാതക പാടങ്ങളും നാലു ഗ്യാസ് ശേഖരങ്ങളുമാണ് പുതുതായി കണ്ടെത്തിയത്.
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ജബു എണ്ണപ്പാടത്തെ അല്‍ജബു-1 കിണറില്‍ നിന്ന് പ്രതിദിനം 800 ബാരല്‍ തോതില്‍ എണ്ണ പുറത്തുവന്നു. കിഴക്കന്‍ പ്രവിശ്യയില്‍ സയാഹിദ് എണ്ണപ്പാടവും കണ്ടെത്തി. സയാഹിദ്-2 കിണറില്‍ നിന്ന് പ്രതിദിനം 630 ബാരല്‍ തോതില്‍ എണ്ണ പുറത്തുവന്നു. കിഴക്കന്‍ പ്രവിശ്യയില്‍ തന്നെ ഐഫാന്‍ എണ്ണപ്പാടവും പുതുതായി കണ്ടെത്തി. ഇവിടുത്തെ ഐഫാന്‍-2 കിണറില്‍ നിന്ന് പ്രതിദിനം 2,840 ബാരല്‍ തോതില്‍ എണ്ണയും 4,40,000 സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി പ്രകൃതിവാതകവും പുറത്തുവന്നു.
അല്‍ബരി എണ്ണപ്പാടത്തെ അല്‍ബരി-907 കിണറില്‍ പ്രതിദിനം 520 ബാരല്‍ തോതില്‍ എണ്ണയും രണ്ടു ലക്ഷം ക്യുബിക് അടി വാതകവും പുറത്തുവന്നു. മസാലീജ് എണ്ണപ്പാടത്ത് ഉനൈസ-എ എണ്ണ, ഗ്യാസ് ശേഖരവും കണ്ടെത്തി. ഇവിടുത്തെ മസാലീജ് -64 കിണറില്‍ നിന്ന് പ്രതിദിനം 1,011 ബാരല്‍ എണ്ണയും 9,20,000 ക്യുബിക് അടി വാതകവും പുറത്തുവന്നു.
റുബ്ഉല്‍ഖാലി മരുഭൂമിയില്‍ നുവൈര്‍ എണ്ണപ്പാടം പുതുതായി കണ്ടെത്തി. ഇവിടുത്തെ
നുവൈര്‍-1 കിണറില്‍ നിന്ന് പ്രതിദിനം 1,800 ബാരല്‍ എണ്ണയും 5,50,000 ക്യുബിക് അടി പ്രകൃതിവാതകവും പുറത്തുവന്നു. അല്‍ദംദാ എണ്ണപ്പാടവും പുതുതായി കണ്ടെത്തി. ഇവിടുത്തെ മുശ്‌രിഫ്-സി റിസര്‍വോയറിലെ അല്‍ദംദാ-1 കിണറില്‍ നിന്ന് പ്രതിദിനം 200 ബാരല്‍ എണ്ണ പുറത്തേക്കൊഴുകി. മുശ്‌രിഫ്-ഡി റിസര്‍വോയറില്‍ നിന്ന് പ്രതിദിനം 115 ബാരല്‍ തോതില്‍ എണ്ണ പുറത്തുവന്നു.
ഖര്‍ഖാസ്-1 കിണറില്‍ പ്രതിദിനം 210 ബാരല്‍ എണ്ണ പുറത്തുവന്നതോടെയാണ് ഖര്‍ഖാസ് എണ്ണപ്പാടം കണ്ടെത്തിയത്. കിഴക്കന്‍ പ്രവിശ്യയിലെ ഉനൈസ ബി/സി വാതക ശേഖരത്തിലെ ഗസ്ലാന്‍-1 കിണറില്‍ നിന്ന് പ്രതിദിനം 3.2 കോടി ക്യുബിക് അടി പ്രകൃതിവാതകവും 2,525 ബാരല്‍ കണ്ടന്‍സേറ്റുകളും പുറത്തുവന്നതോടെയാണ് ഗസ്ലാന്‍ വാതക പാടം കണ്ടെത്തിയതെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു. ഉനൈസ ബി/സി റിസര്‍വോയറിലെ അറാം-1 കിണറില്‍ നിന്ന് പ്രതിദിനം 2.4 കോടി ഘനയടി പ്രകൃതിവാതകവും 3,000 ബാരല്‍ കണ്ടന്‍സേറ്റുകളും പുറത്തുവന്നതിനെ തുടര്‍ന്ന് അറാം ഗ്യാസ് പാടവും കണ്ടെത്തി.
അല്‍മഹ്വാസ്-193101 കിണറില്‍ നിന്ന് പ്രതിദിനം 35 ലക്ഷം ക്യുബിക് അടി പാരമ്പര്യേതര പ്രകൃതിവാതകവും 485 ബാരല്‍ കണ്ടന്‍സേറ്റുകളും പുറത്തുവന്നതിലൂടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍മഹ്വാസ് ഫീല്‍ഡില്‍ അല്‍ഖുസൈബാ പ്രകൃതി വാതക ശേഖരം കണ്ടെത്തി.
റുബ്ഉല്‍ ഖാലിയില്‍ മര്‍സൂക്ക്-8 കിണറില്‍ നിന്ന് പ്രതിദിനം 95 ലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി തോതില്‍ പ്രകൃതിവാതകം പുറത്തേക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് അറബ്-സി എണ്ണ ശേഖരം മര്‍സൂക്ക് ഫീല്‍ഡില്‍ കണ്ടെത്തി. പ്രതിദിനം ഒരു കോടി ക്യുബിക് അടി തോതില്‍ പ്രകൃതിവാതകം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് അറബ്-ഡി റിസര്‍വോയറും പ്രതിദിനം 15 ലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി തോതില്‍ പ്രകൃതിവാതകം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് അപ്പര്‍ ജുബൈല റിസര്‍വോയറും കണ്ടെത്തി.
ആഗോള ഊര്‍ജ മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ഉറപ്പിക്കുന്ന ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണ് ഈ കണ്ടെത്തലുകളെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു. സാമ്പത്തിക വികസനത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും, വരും ദശകങ്ങളില്‍ പ്രാദേശികവും ആഗോളവുമായ ഊര്‍ജ ആവശ്യങ്ങള്‍ കാര്യക്ഷമമായും സുസ്ഥിരമായും നിറവേറ്റാനുള്ള രാജ്യത്തിന്റെ കഴിവിനെ പിന്തുണക്കുകയും ചെയ്യുന്ന സമ്പന്നമായ ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങളുടെ ഉടമസ്ഥാവകാശം പുതിയ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നു. വിഷന്‍ 2030 ന് അനുസൃതമായി സാമ്പത്തിക വളര്‍ച്ചയുടെ സുസ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാനും, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധിയാക്കാനും ആഗോള ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെ അഭിലാഷ ലക്ഷ്യങ്ങള്‍ക്കും ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്നും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.