ഉത്തര ഗാസയില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
ഗാസ – ഉത്തര ഗാസയില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. നാലുപേരില്‍ ഒരാള്‍ ഹെവി ട്രക്ക് ഡ്രൈവറാണെന്നും മറ്റു മൂന്നു പേര്‍ നഹല്‍ ബ്രിഗേഡിലെ സൈനികരാണെന്നും ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര ഗാസയിലെ ബൈത്ത് ഹനൂനില്‍ ഇസ്രായിലി സൈനികരെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനവും വെടിവെപ്പും ഉണ്ടാവുകയായിരുന്നു. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇതോടെ 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം 835 ആയി ഉയര്‍ന്നതായി ഔദ്യോഗിക സൈനിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ 403 പേര്‍ ഗാസയിലാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ ആദ്യം മുതല്‍ ഉത്തര ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം നടത്തിവരികയാണ്. ഹമാസ് വീണ്ടും സംഘടിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രായില്‍ പറയുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് ഗാസ യുദ്ധത്തിന് തുടക്കമിട്ടത്. ഹമാസ് ആക്രമണത്തില്‍ 1,208 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം വരെ 46,537 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും അടക്കമള്ള സാധാരണക്കാരാണ്.
അതേസമയം, ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദിയുടെ വിധി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനെയും തീരുമാനത്തെയും ആശ്രയിച്ചിരിക്കുന്നതായി ഹമാസ് പറഞ്ഞു. ബന്ദിയുടെ ഭാര്യ തന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നതിന്റെ തെളിവ് ഹാജരാക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണ് ബന്ദിയുടെ ജീവന്‍ ഇസ്രായിലി പ്രധാനമന്ത്രിയുടെ നിലപാടിനെയും തീരുമാനത്തെയും ആശ്രയിച്ചിരിക്കുന്നതായി ഹമാസ് പറഞ്ഞത്. വെള്ളിയാഴ്ച ഒരു വീഡിയോയില്‍ അറബിയില്‍ ഹമാസിനെ നേരിട്ട് അഭിസംബോധന ചെയ്ത ഷാരോണ്‍ കുനിയോ ഭര്‍ത്താവ് ഡേവിഡ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് ആവശ്യപ്പെട്ടിരുന്നു. 450 ലേറെ ദിവസം മുമ്പാണ് ഷാരോണ്‍ കുനിയോയുടെ ഭര്‍ത്താവ് ഡേവിഡിനെ ഹമാസ് ബന്ദിയാക്കി ഗാസയിലേക്ക് കൊണ്ടുപോയത്. 2023 ഒക്‌ടോബര്‍ ഏഴിന് 250 പേര്‍ക്കൊപ്പം ഷാരോണ്‍ കുനിയോയെയും ഹാമസ് തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇരട്ട പെണ്‍മക്കളോടൊപ്പം ഇവരെ ഹമാസ് വിട്ടയച്ചു. 15 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഏക ഹ്രസ്വമായ വെടിനിര്‍ത്തല്‍ കാലത്താണ് ഷാരോണ്‍ കുനിയോയെയും ഇരട്ട പെണ്‍മക്കളെയും ഹമാസ് വിട്ടയച്ചത്.
ഷാരോണിനെ വിട്ടയച്ച ശേഷം ഇസ്രായിലി സൈനിക സമ്മര്‍ദം വര്‍ധിച്ചുവെന്നും അവരുടെ ഭര്‍ത്താവ് കൊല്ലപ്പെടുകയോ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഹമാസ് പറഞ്ഞു. അതല്ലെങ്കില്‍ അദ്ദേഹം നല്ല ആരോഗ്യത്തോടെയിരിക്കുന്നുണ്ടാകുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ശനിയാഴ്ച പറഞ്ഞു. വെടിനിര്‍ത്തല്‍ കാര്യത്തില്‍ നെതന്യാഹു ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. സമയം അതിക്രമിച്ചിരിക്കുന്നു – ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കൂട്ടിച്ചേര്‍ത്തു.
വിനാശകരമായ യുദ്ധം അവസാനിപ്പിക്കാനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഏറ്റവും പുതിയ റൗണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ഖത്തറില്‍ ആരംഭിച്ചു. എന്നാല്‍ പരോക്ഷ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഹമാസും ഇസ്രായിലും പരസ്പരം ആവര്‍ത്തിച്ച് ആരോപിക്കുന്നു. നിലവില്‍ ഗാസയില്‍ 94 ഇസ്രായിലി ബന്ദികള്‍ തടവിലുണ്ട്. ഇതില്‍ 34 പേരുടെ മരണം ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയുടെ സൂചനയായി ഖത്തറില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കാളിത്തം വഹിക്കാന്‍ ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഡയക്ടറെ അയക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയിട്ടുണ്ട്.
ഇസ്രായിലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്ന ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഡേവിഡ് ബാര്‍ണിയ എപ്പോള്‍ പോകുമെന്ന് വ്യക്തമല്ല. കരാറില്‍ ഒപ്പുവെക്കേണ്ട ഉയര്‍ന്ന തലത്തിലുള്ള ഇസ്രായേലി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ പങ്കാളികളാണെന്നാണ് മൊസാദ് മേധാവിയുടെ സാന്നിധ്യം അര്‍ഥമാക്കുന്നത്.
15 മാസം നീണ്ട യുദ്ധത്തില്‍ ഒരു ചെറിയ വെടിനിര്‍ത്തല്‍ മാത്രമേ കൈവരിക്കാനായിട്ടുള്ളൂ. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിലായിരുന്നു അത്. ഇതിനുശേഷം അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ ആവര്‍ത്തിച്ച് സ്തംഭിക്കുകയായിരുന്നു. ഗാസയില്‍ പോരാടാനുള്ള ഹമാസിന്റെ ശേഷി തീര്‍ത്തും ഇല്ലാതാക്കണമെന്ന് നെതന്യാഹു ഇപ്പോള്‍ നിര്‍ബന്ധം പിടിക്കുന്നു. വന്‍തോതില്‍ തകര്‍ന്ന ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഹമാസും നിര്‍ബന്ധം പിടിക്കുന്നു.