ബാഗ്ദാദ്– ഇറാഖിലെ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകീട്ട് ഇറാഖിലെ അൽ-കുട്ട് നഗരത്തിൽ ഒരു ഹൈപ്പർമാർക്കറ്റിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.
അഞ്ച് ദിവസം മുമ്പാണ് മാൾ തുറന്നതെന്നാണ് വിവരം. ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശുപത്രിയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടതായും ലേഖകൻ റിപ്പോർട്ട് ചെയ്തു.
സംഭവത്തെത്തുടർന്ന് പ്രവിശ്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ പ്രാദേശിക അധികാരികൾ കേസ് ഫയൽ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. നിരവധി പേരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞുവെന്നും ഒടുവിൽ തീ അണച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.