കയ്‌റോ – നീണ്ട നാലര പതിറ്റാണ്ടു കാലം ഇസ്രായില്‍ ജയിലുകളില്‍ കഴിഞ്ഞ ഫലസ്തീനി നാഇല്‍ അല്‍ബര്‍ഗൂത്തി ഈജിപ്തിലെത്തി. വെടിനിര്‍ത്തലിന്റെ ഭാഗമായി ഹമാസും ഇസ്രായിലും തമ്മില്‍ നടത്തിയ ഏറ്റവും പുതിയ തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തില്‍ മോചിപ്പിക്കപ്പെട്ട 79 ഫലസ്തീനികളുടെ കൂട്ടത്തിലാണ് നാഇല്‍ അല്‍ബര്‍ഗൂത്തിയും ഈജിപ്തിലെത്തിയത്. ജീവപര്യന്തം തടവിനും ദീര്‍ഘകാല തടവിനും ശിക്ഷിക്കപ്പെട്ട് ഇസ്രായില്‍ ജയിലുകളില്‍ കഴിഞ്ഞ 79 ഫലസ്തീനികളെ ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും വിട്ടയച്ച് പരസ്പരം കൈമാറാനുള്ള ഉടമ്പടിയുടെ ഭാഗമായി ഈജിപ്തിലേക്ക് നാടുകടത്തുകയായിരുന്നു. ഇവര്‍ ശേഷിക്കുന്ന കാലം ഈജിപ്തില്‍ തുടരുകയോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് മാറുകയോ ചെയ്യും. ഇന്നലെ (വ്യാഴം) പുലര്‍ച്ചെ മോചിതരായ ഫലസ്തീനികളില്‍ 79 പേരെയാണ് ഫലസ്തീന്‍ പ്രദേശങ്ങള്‍ക്ക് പുറത്തേക്ക് നാടുകടത്തിയത്.
നാഇല്‍ അല്‍ബര്‍ഗൂത്തി തുടര്‍ച്ചയായി 34 വര്‍ഷം ഉള്‍പ്പെടെ 45 വര്‍ഷം ജയിലില്‍ കഴിഞ്ഞതായി ഫലസ്തീനിയന്‍ പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു. ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനും ഇസ്രായിലി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിനുമാണ് നാഇല്‍ അല്‍ബര്‍ഗൂത്തിയെ ഇസ്രായിലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1978 ല്‍ ആണ് നാഇല്‍ അല്‍ബര്‍ഗൂത്തി ആദ്യം അറസ്റ്റിലായത്. ആ സമയത്ത് അദ്ദേഹം ഫതഹ് പാര്‍ട്ടി അംഗമായിരുന്നു.
2011 ല്‍ ഹമാസും ഇസ്രായിലും തമ്മില്‍ നടത്തിയ ബന്ദി, തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി നാഇല്‍ അല്‍ബര്‍ൂത്തി മോചിതനായി. ഹമാസിന്റെ തടവിലായിരുന്ന ഇസ്രായിലി സൈനികന്‍ ഗിലാദ് ഷാലിറ്റിനെ 1,027 ഫലസ്തീനി തടവുകാര്‍ക്കു പകരം അന്ന് വിട്ടയക്കുകയായിരുന്നു. 2014 ല്‍ പ്രേരണാക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റിലായപ്പോള്‍ നാഇല്‍ അല്‍ബര്‍ഗൂത്തിയുടെ മുന്‍ ജീവപര്യന്തം തടവ് പുനരാരംഭിച്ചു. ജയിലില്‍ വെച്ച് അദ്ദേഹം ഫതഹ് പ്രസ്ഥാനത്തില്‍ നിന്ന് കൂറുമാറി ഹമാസില്‍ ചേര്‍ന്നു.
ജന്മനാട്ടില്‍ നിന്നും സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കുന്നതിലൂടെയുള്ള ഒരു പുതിയ ശിക്ഷയായി നാടുകടത്തല്‍ തീരുമാനത്തെ നാഇല്‍ അല്‍ബര്‍ഗൂത്തിയുടെ ഭാര്യ ഈമാന്‍ നാഫിഅ് വിശേഷിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും കഠിനമായ ശിക്ഷയാണിതെന്ന് താന്‍ വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി, ഏറ്റവും പുതിയ കൈമാറ്റത്തില്‍ നാലു ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ക്കു പകരം 643 ഫലസ്തീന്‍ തടവുകാരെ വ്യാഴാഴ്ച മോചിപ്പിച്ചതായി ഇസ്രായില്‍ ജയില്‍ സര്‍വീസ് അറിയിച്ചു.