ബാഗ്ദാദ് – സിറിയയില്‍ നിന്ന് 2,225 ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റിയതായി ഇറാഖി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് അമേരിക്ക സിറിയയില്‍ നിന്ന് ഐ.എസ് തടവുകാരെ സിറിയയിലേക്ക് മാറ്റാന്‍ തുടങ്ങിയത്. ഭീകരര്‍ സുരക്ഷിതമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ സിറിയയില്‍ നിന്ന് 7,000 ഓളം ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റാനുള്ള തീരുമാനം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. നേരത്തെ വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് നിയന്ത്രണത്തിലുള്ള ജയിലുകളിലും ക്യാമ്പുകളിലുമാണ് ഐ.എസ് ഭീകരരെ തടവിലാക്കിയിരുന്നത്.
ഐ.എസ് ഭീകരരെ നേരിടുന്നതില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ പങ്ക് അവസാനിച്ചതായി സിറിയയിലേക്കുള്ള യു.എസ് പ്രതിനിധി ടോം ബരാക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റാനുള്ള പദ്ധതി കഴിഞ്ഞ മാസം പരസ്യപ്പെടുത്തിയത്. 2014 മുതല്‍ ഐ.എസിനെ നേരിടാന്‍ അമേരിക്ക നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സഖ്യവുമായി ഏകോപിപ്പിച്ച് സിറിയയില്‍ നിന്നുള്ള 2,225 ഐ.എസ് ഭീകരരെ കരമാര്‍ഗവും വ്യോമമാര്‍ഗവും സ്വീകരിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെല്‍ മേധാവി സഅദ് മഅന്‍ പറഞ്ഞു. അവരെ കര്‍ശനമായ സുരക്ഷയുള്ള പതിവ് തടങ്കല്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും സഅദ് മഅന്‍ പറഞ്ഞു.
അന്താരാഷ്ട്ര സഖ്യത്തിന്റെ സംരക്ഷണയില്‍ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റുന്നത് തുടരുകയാണെന്ന് കുര്‍ദിഷ് മിലിട്ടറി വൃത്തങ്ങള്‍ പറഞ്ഞു. 2014 മുതല്‍ വടക്ക്, പടിഞ്ഞാറ് ഇറാഖിലെ ചില ഭാഗങ്ങള്‍ ഐ.എസ് പിടിച്ചടക്കി. അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ ഇറാഖി സൈന്യം 2017 ല്‍ അവരെ പരാജയപ്പെടുത്തി. ഭീകരര്‍ നടത്തിയ ഗുരുതരമായ അഴിഞ്ഞാട്ടങ്ങളില്‍ നിന്ന് ഇറാഖ് പതുക്കെ കരകയറിക്കൊണ്ടിരിക്കുകയാണ്.
സമീപ വര്‍ഷങ്ങളില്‍, ഭീകരവാദ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് ഇറാഖ് കോടതികള്‍ വധശിക്ഷയും ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിതിന് ആയിരക്കണക്കിന് ഇറാഖികളെയും വിദേശ പൗരന്മാരെയും ഇറാഖി ജയിലുകളില്‍ തടവിലാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൈമാറിക്കിട്ടിയ 1,387 ഐ.എസ് തടവുകാരെ ഉള്‍പ്പെടുത്തി അന്വേഷണ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി തിങ്കളാഴ്ച ഇറാഖി ജുഡീഷ്യറി അറിയിച്ചു.
ഇറാഖികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട എല്ലാവരെയും, ഭീകരവാദ ഐ.എസ് സംഘടനയില്‍പ്പെട്ടവരെയും ബന്ധപ്പെട്ട ഇറാഖി കോടതികള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുക എന്നതാണ് സ്ഥാപിത തത്വം എന്ന് ഇറാഖി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ സഅദ് മഅന്‍ പറഞ്ഞു. സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റപ്പെടുന്ന ഐ.എസ് തടവുകാരില്‍ സിറിയക്കാര്‍, ഇറാഖികള്‍, യൂറോപ്യന്മാര്‍, മറ്റ് രാജ്യങ്ങക്കാര്‍ എന്നിവരുണ്ടെന്ന് ഇറാഖി സുരക്ഷാ സ്രോതസ്സുകള്‍ പറയുന്നു. തങ്ങളുടെ പൗരന്മാരെ തിരികെകൊണ്ടുപോയി അവരുടെ വിചാരണ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങളോട് ഇറാഖ് വശ്യപ്പെടുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭീകരരെ അവരുടെ രാജ്യങ്ങള്‍ക്ക് കൈമാറുന്ന പ്രക്രിയ ആരംഭിക്കുമെന്ന് സഅദ് മഅന്‍ പറഞ്ഞു



